എരുവട്ടി അഷറഫ് വധം: നാല് പ്രതികൾക്ക് ജീവപര്യന്തം
1464859
Tuesday, October 29, 2024 7:16 AM IST
തലശേരി: സിപി എം പ്രവർത്തകൻ എരുവട്ടി കോമ്പിലെ അഷറഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും. രണ്ടു പേരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. തലശേരി അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജെ. വിമലാണ് ശിക്ഷ വിധിച്ചത്.
ഒന്നു മുതൽ നാല് വരെ പ്രതികളായ ബിജെപി- ആർഎസ്എസ് പ്രവർത്തകരായ എരുവട്ടി പുത്തൻകണ്ടത്തിലെ എം. പ്രനു ബാബു എന്ന കുട്ടൻ (34), മാവിലായി ദാസൻമുക്കിലെ ആർ.വി. നിധീഷ് എന്ന ടുട്ടു(36), എരുവട്ടി പാനുണ്ടയിലെ വി.ഷിജിൽ എന്ന ഷീജൂട്ടൻ (35), പാനുണ്ട ചക്യത്തുകാവിനടുത്ത കെ. ഉജേഷ് എന്ന ഉജി (34), എന്നിവരെയാണ് ജീവപര്യന്തം തടവിനും വിവിധ വകുപ്പുകൾ പ്രകാരം 80,000 രൂപ വീതം പിഴയടക്കാനും കോടതി ശിക്ഷിച്ചത്. പാതിരിയാട് കീഴത്തൂരിലെ എം.ആർ. ശ്രീജിത്ത് എന്ന കൊത്തൻ (39), പാതിരിയാട് കുഴിയിൽപീടികയിലെ പി. ബിനീഷ് (48) എന്നിവരെ കോടതി വെറുതെ വിട്ടത്.
കേസിലെ ഏഴും എട്ടും പ്രതികളായഎരുവട്ടി പുത്തൻകണ്ടത്തെ മാറോളി ഷിജിൻ , കണ്ടംകുന്ന് നീർവേലി തട്ടുപറമ്പ് റോഡിലെ എൻ.പി. സുജിത്ത് എന്നിവർ വിചാരണക്ക് മുന്പ് മരിച്ചിരുന്നു.
2011 മേയ് 19ന് രാവിലെ 9.30ന് മത്സ്യവില്പനയക്കിടെ കാപ്പുമ്മൽ-സുബേദാർ റോഡിൽ വച്ച് അഷറഫിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 26സാക്ഷികളെയാണ് പ്രോസിക്യൂഷൻ കോടതിയിൽ വിസ്തരിച്ചത്. കൂത്തുപറമ്പ് സിഐ ആയിരുന്ന കെ.വി.വേണുഗോപാലനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യുഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.കെ. ശ്രീധരൻ ഹാജരായി.