വാഹനാപകടത്തിൽ മരിച്ച മൂന്നുപേർക്ക് നാട് വിടയേകി
1465031
Wednesday, October 30, 2024 5:53 AM IST
പയ്യന്നൂർ: രാമന്തളി കുരിശുമുക്കിൽ നിയന്ത്രണം വിട്ട ഗുഡ്സ് വാഹനമിടിച്ച് മരിച്ച തൊഴിലുറപ്പ് തൊഴിലാളികളായ മൂന്നുപേർക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി.
കല്ലേറ്റുംകടവിലെ പി.വി. ശോഭ (54), ടി.വി. യശോദ (68), ബി.പി. ശ്രീലേഖ (47) എന്നിവർക്കാണ് നാട് വിടചൊല്ലിയത്. നാനാ തുറകളിൽപ്പെട്ട ആയിരങ്ങളാണ് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയത്. രാഷ്ട്രീയ, സാമൂഹ്യ സംഘടനാ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി ആയിരങ്ങൾ അന്ത്യാഞ്ജലിയർപ്പിച്ചു. പരേതരോടുള്ള ആദര സൂചകമായി രാമന്തളി പഞ്ചായത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുവരെ ഹർത്താൽ ആചരിച്ചു.
കല്ലേറ്റുംകടവിൽ നൂറുമീറ്റർ പരിധിക്കുള്ളിലാണ് മരിച്ച മൂന്നുപേരുടെയും വീടുകൾ. പതിനാറ് വർഷത്തോളം തൊഴിലുറപ്പുമേഖലയിൽ തൊഴിൽ ചെയ്തിരുന്ന മൂവരുടേയും മൃതദേഹങ്ങൾ രാമന്തളിയിലെ സമുദായ ശ്മശാനത്തിൽ ഏതാണ്ട് ഒരേ സമയമായിരുന്നു സംസ്കരിച്ചത്.