എഡിഎസ്യു അതിരൂപത കലോത്സവം നടത്തി
1464638
Monday, October 28, 2024 7:37 AM IST
ചെമ്പേരി: ആന്റി ഡ്രഗ്സ് സ്റ്റുഡന്റസ് യൂണിയൻ (എഡിഎസ്യു) തലശേരി അതിരൂപതാതല ലഹരിവിരുദ്ധ കലോത്സവം ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് പതാക ഉയർത്തി കലോത്സവ പരിപാടികൾക്ക് തുടക്കം കുറിച്ചു. അതിരൂപത കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ വിവിധ സ്കൂളുകളിൽ നിന്ന് മുന്നൂറോളം വിദ്യാർഥികൾ കലാസാഹിത്യ മത്സരങ്ങളിൽ മാറ്റുരച്ചു. വിവിധയിനങ്ങളിലായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് മെമെന്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
അതിരൂപതാതലത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ വിഭാഗത്തിൽ മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ, യുപി വിഭാഗത്തിൽ കരുള്ളടുക്കം സെന്റ് ജോസഫ് യുപി സ്കൂൾ, എൽപി വിഭാഗത്തിൽ തോമാപുരം സെന്റ് തോമസ് എൽപി സ്കൂൾ എന്നിവർ ഓവറോൾ ചാമ്പ്യന്മാരായി. തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപാടവിൽ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. എഡിഎസ്യു അതിരൂപത കോ-ഓർഡിനേറ്റർ ടോണിസ് ജോർജ്, സിസ്റ്റർ ഷൈല, അനു ഇമ്മാനുവൽ, സിൽജ എന്നിവർ പ്രസംഗിച്ചു. എഡിഎസ്യു അതിരൂപത ഡയറക്ടർ ഫാ.വിപിൻ വടക്കേപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ ട്രീസ എഫ്സിസി എന്നിവർ നേതൃത്വം നൽകി.