കിഴക്കൻ ഹിമാലയത്തിൽ മലയാളി ശാസ്ത്രജ്ഞർ പുതിയ ഇനം വേട്ടാവളിയനെ കണ്ടെത്തി
1461297
Tuesday, October 15, 2024 7:10 AM IST
ഇരിട്ടി: കിഴക്കൻ ഹിമാലയത്തിലെ അരുണാചൽപ്രദേശിൽ മലയാളി ശാസ്ത്രജ്ഞരുടെ സംഘം പുതിയ ഇനം വേട്ടാവളിയനെ കണ്ടെത്തി. ബംഗളൂരുവിലെ അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവയോൺമെന്റിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് സിയാങ് താഴ്വരയിൽ പുതിയ ഇനത്തെ കണ്ടെത്തിയത്.
സിയാങ് താഴ്വരയോടുള്ള ആദരസൂചകമായി ന്യൂമെനസ് സിയാൻജെൻസിസ് എന്ന പേരാണ് ഇതിനു നൽകിയിരിക്കുന്നത്. ന്യൂമെനസ് അസോസിയേഷൻ ഫോർ അഡ്വാൻസ്മെന്റ് ഓഫ് എന്റമോളജിയുടെ (എഎഇ) ഔദ്യോഗിക പ്രസിദ്ധീകരണമായ എൻറോമോൺ ജേണലിൽ ഇതിനെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇരിട്ടിയിൽ നിന്നുള്ള ഫെമി ബെന്നി എഴുത്തുപള്ളിക്കൽ, പട്ടാന്പി സ്വദേശി ഡോ. എ.പി.രഞ്ജിത്ത്, കൊല്ലം സ്വദേശി ഡോ. പ്രിയദർശൻ ധർമരാജൻ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ ഇനം വേട്ടാവളിയനെ കണ്ടെത്തിയത്. ഇന്ത്യയിൽ നിന്ന് മുമ്പ് ന്യൂമെൻസ് ജനുസിലെ ഒരേയൊരു ഇനം വേട്ടാവളിയനെ കുറിച്ചു മാത്രമേ വിവരം ലഭിച്ചിരുന്നുള്ളൂ. അതിനാൽ തന്നെ ഈ കണ്ടെത്തൽ രാജ്യത്തെ കടന്നൽ പഠനമേഖലയിലെ വലിയ സംഭാവനയായാണ് വിലയിരുത്തുന്നത്. യൂമെനിനേ എന്ന ഉപകുടുംബത്തിൽപ്പെട്ടതാണ് ന്യൂ മെൻസ് ജെനുസ്. അതുല്യമായ കൂട് നിർമാണ സ്വഭാവത്തിന് പേരുകേട്ട ഒറ്റപ്പെട്ട കടന്നലുകളാണിവ.
എടത്തൊട്ടിയിലെ കർഷകനായ എഴുത്തുപള്ളിക്കൽ ബെന്നി-ഗ്രേസി ദന്പതികളുടെ മകളാണ് ഫെമി. കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളജിൽ നിന്ന് സുവോളജിയിൽ ബിരുദവും കോഴിക്കോട് സർവകലാശാല കാമ്പസിൽ നിന്ന് എംഎസ്സി അപ്ലൈഡ് സുവോളജിയിൽ (എന്റമോളജി) ഒന്നാം റാങ്കും നേടിയിട്ടുണ്ട്. ബംഗളൂരിലെരിലെ അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവയോൺമെന്റിൽ ഗവേഷണം നടത്തുകയാണ്. ലണ്ടൻ യൂണിവേഴ്സിറ്റി കോളജിന്റെ 1.75 കോടിയുടെ റിസർച്ച് എക്സലൻസ് സ്കോളർഷിപ്പും ഫെമിക്ക് ലഭിച്ചിട്ടുണ്ട്.