ശന്പള ബിൽ ഉത്തരവ് എയ്ഡഡ് മേഖലയില്‍ സാമ്പത്തിക അസ്ഥിരത ഉണ്ടാക്കും: ടീച്ചേഴ്സ് ഗില്‍ഡ്
1459787
Tuesday, October 8, 2024 8:28 AM IST
തലശേരി: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശമ്പള ബില്ലുകള്‍ മേലധികാരികള്‍ കൗണ്ടര്‍ സൈന്‍ ചെയ്യണമെന്ന ധനകാര്യ വകുപ്പിന്റെ ഉത്തരവ് എയ്ഡഡ്, ഗവ. മേഖല എന്ന തരംതിരിവ് സൃഷ്ടിക്കാനും ശമ്പളം പരമാവധി വൈകിപ്പിക്കുന്നതിനുള്ള അടവുനയമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും തലശേരി അതിരൂപത കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് അഭിപ്രായപ്പെട്ടു.
ഭാവിയില്‍ എല്ലാത്തരം സര്‍ക്കാര്‍, സര്‍ക്കാരിതര ധനസഹായങ്ങള്‍ എയ്ഡഡ് മേഖലയ്ക്ക് അപ്രാപ്യമാക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നു. എയ്ഡഡ് മേഖലയില്‍ ഉള്ളവരുടെ വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് അന്നത്തെ സര്‍ക്കാര്‍ 2013ല്‍ സ്ഥാപന മേലധികാരിക്ക് നേരിട്ട് ശമ്പള ബില്ലുകള്‍ ട്രഷറിയില്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച് പാസാക്കി എടുക്കാനുള്ള അനുമതി നൽകിയിരുന്നു. ഇതുവഴി ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനും ബില്ലുകള്‍ കാലതാമസം കൂടാതെ പാസാക്കുന്നതിനും സാധിച്ചു.
ധനവകുപ്പ് പുറത്തിറക്കിയിരിക്കുന്ന പുതിയ ഉത്തരവ് ഓഫീസ് പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുകയും ജോലിഭാരം കൂട്ടുകയും ശമ്പളം കൃത്യസമയത്ത് കിട്ടാതിരിക്കുന്നതിനും കാരണ മാകും. ട്രഷറി ഓഫീസര്‍ കൃത്യമായി വെരിഫൈ ചെയ്ത് പാസാക്കുന്ന ബില്‍ എന്തിനാണ് കൗണ്ടര്‍ സൈന്‍ ചെയ്യേണ്ട ആവശ്യം. ശമ്പള ബില്ലുകളില്‍ സങ്കീര്‍ണതകള്‍ കുത്തിനിറയ്ക്കാനുള്ള ധനവകുപ്പിന്റെ നീക്കത്തില്‍ കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് എക്സിക്യൂട്ടീവ് കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചു.
സര്‍ക്കാര്‍, എയ്ഡഡ് തരംതിരിവ് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിതരാകുന്ന അധ്യാപകരുടെ കാര്യത്തിലും നിഴലിക്കുന്നു. കെടെറ്റ് അടക്കമുള്ള യോഗ്യതയുമുള്ളവരെ മാത്രമേ എയിഡഡില്‍ നിയമിക്കാന്‍ സാധിക്കൂ. അവരുടെ വേതനം നല്കുന്നതില് അകാരണമായി കാലതാമസം വരുത്തുന്നു. എയ്ഡഡ് മേഖലയോടുള്ള മാത്രമുള്ള ഇത്തരം നയം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡയറക്ടര്‍ ഫാ. മാത്യു ശാസ്താംപടവില്‍ അധ്യക്ഷത വഹിച്ചു. ജിനില്‍ മാര്‍ക്കോസ്, റോബിന്‍സ് എം. ഐസക്, ജോയിസ് സക്കറിയസ് എന്നിവര്‍ പ്രസംഗിച്ചു.