പൊതുവിദ്യാഭ്യാസ മേഖലയിൽ എട്ടു വർഷത്തിനിടെ 4500 കോടി ചെലവഴിച്ചു: മുഖ്യമന്ത്രി
1459327
Sunday, October 6, 2024 6:44 AM IST
കണ്ണൂർ: പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 4500 കോടിയോളം രൂപയാണ് കഴിഞ്ഞ എട്ടു വർഷത്തിനിടെ കേരളം ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽ മാട്ടൂൽ സി.എച്ച്. മുഹമ്മദ്കോയ സ്മാരക ജിഎച്ച്എസ്എസിന് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും കല്യാശേരി കെപിആർ ഗോപാലൻ സ്മാരക ജിഎച്ച്എസ്എസ്, കുഞ്ഞിമംഗലം ജിഎച്ച്എസ്എസ് എന്നിവയ്ക്ക് നിർമിക്കുന്ന കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും ഓൺലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ എട്ടുവർഷം കൊണ്ട് 973 സ്കൂൾ കെട്ടിടങ്ങളാണ് കിഫ്ബി ധനസഹായത്തോടെ നിർമിക്കു ന്നത്. 2500 കോടിയോളം രൂപയാണ് ഇതിന് ചെലവഴിക്കുന്നത്. 508 കെട്ടിടങ്ങൾ ഇതിൽ പൂർത്തിയായി. രാജ്യത്ത് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം ഒന്നാം സ്ഥാനത്താണ് ഇപ്പോൾ നില്ക്കുന്നത്. അത് കൂടുതൽ മെച്ചപ്പെടുത്തും.
കേന്ദ്ര സർക്കാർ 2022ൽ പുറത്തുവിട്ട കണക്ക് പ്രകാരം കേരളത്തിൽ 60 ലക്ഷത്തോളം കുട്ടികളാണ് ഒന്ന് മുതൽ 12 വരെയുള്ള സ്കൂൾ വിദ്യാഭ്യാസം നടത്തേണ്ട പ്രായത്തിലുള്ളത്. ഇതിൽ 45 ലക്ഷത്തിലധികം കുട്ടികൾ പൊതുവിദ്യാലയങ്ങളിലാണ്. 80 ശതമാനത്തോളം കുട്ടികൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ഇത് വിദ്യാഭ്യാസ മാതൃകയുടെ ഉന്നത വിലവാരം കാണിക്കുന്നതാണ്.നൂറുദിന കർമ പരിപാടിയിൽ 47 വകുപ്പുകളിലായി 13,000 കോടിയിലധികം രൂപയുടെ 1070 പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇവയിലൂടെ മൂന്ന് ലക്ഷത്തോളം തൊഴിൽ ദിനങ്ങളും സൃഷ്ടിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓൺലൈനായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലൻ മുഖ്യാതിഥിയായിരുന്നു. മൂന്നു സ്കൂളുകളിലും എം. വിജിൻ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വിശിഷ്ടാതിഥിയായിരുന്നു. മൂന്നിടത്തും കിഫ്ബി മുഖേന 3.90 കോടി രൂപയാണ് കെട്ടിട നിർമാണത്തിന് അനുവദിച്ചത്. കിലയാണ് നിർവഹണ ചുമതല.