നാടെങ്ങും ഗാന്ധിജയന്തി ആഘോഷം
1458896
Friday, October 4, 2024 6:22 AM IST
വായാട്ടുപറമ്പ്: വായാട്ടുപറമ്പ് ഗാന്ധി സ്റ്റഡി സെന്ററിന്റെയും കരുണാപുരം ടിഎസ്എസ്എസ് ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി. ഡി. മാത്തുക്കുട്ടി ക്വിസ് മത്സരം നയിച്ചു.
വായാട്ടുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ എസ്. അനന്യ, അർജുൻ രാജേഷ് എന്നിവരുൾപ്പെട്ട ടീം ഒന്നാം സ്ഥാനം നേടി. ആലക്കോട് എൻഎസ്എസ് ഹൈസ്കൂൾ വിദ്യാർഥികളായ എം.ജെ. ഹരി മാധവ്, സൻജയ് അനിൽ എന്നിവർ രണ്ടാം സ്ഥാനവും വായാട്ടുപറമ്പ് ഹയർ സെക്കൻഡറി വിദ്യാർഥിനികളായ ഡിയോണ ബിജു, ലിയോണ ബിജു എന്നിവർ മൂന്നാം സ്ഥാനവും നേടി.
ഗാന്ധി അനുസ്മരണ സമ്മേളനം ആലക്കോട് എസ്ഐ ജോർജ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ജോസ് ഏത്തക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് ഒറ്റപ്ലാക്കൽ സമ്മാനദാനം നിർവഹിച്ചു. പഞ്ചായത്തംഗം ഷേർളി ചാക്കോ, പി.ജെ. മാത്യു, ഷാജി മരുതോലിൽ, സജി കിടാരത്തിൽ, ജോസ് വെട്ടുകല്ലാംകുഴി, ബെന്നി പാറയ്ക്കതൊട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
തേർത്തല്ലി: മേരിഗിരി ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ, കവറുകൾ മുതലായവ തരംതിരിച്ച് ശേഖരിക്കുന്നതിനും ഹരിതകർമ സേനയ്ക്ക് കൈമാറുന്നതിനുമായി റോവർ, റേഞ്ചർ യൂണിറ്റുകളുടെ നേതൃത്വത്തിൽ എല്ലാ ക്ലാസ്സുകളിലും പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി ബോക്സുകൾ കൈമാറി. ഫാ. കുര്യാക്കോസ് അറയ്ക്കൽ ഉദ്ഘാടനം ചെയ്തു.
തേർത്തല്ലി: തേർത്തല്ലി അപ്പോളോ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. തേർത്തല്ലി ടൗണിൽ ഗാന്ധി അനുസ്മരണവും ശുചീകരണവും നടത്തി. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് ഉദ്ഘാടനം ചെയ്തു.
മാധവൻ പുറച്ചേരി മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് ജോൺജോ കാരക്കാട്ട് അധ്യക്ഷത വഹിച്ചു.
പെരുമ്പടവ്: പെരുമ്പടവ് ഗാന്ധിസ്മാരക ഗ്രന്ഥാലയം ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു.
കെആർകെ ഫൗണ്ടേഷൻ ചെയർമാൻ കരിപ്പാൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എൻ. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു.
കുടിയാന്മല: അനുപമ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷവും യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളുടെ സർഗോത്സവം നടത്തി. എഴുത്തുകാരനും നടനുമായ അനിൽ വർഗീസ് ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥാലയം പ്രസിഡന്റ് ജോയ് ജോൺ അധ്യക്ഷത വഹിച്ചു. കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂൾ മുഖ്യാധ്യാപകൻ സുനിൽ ജോസഫ് സമ്മാനദാനം നിർവഹിച്ചു.
ഉദയഗിരി: എന്റെ ഗ്രാമം ശുചിത്വ ഗ്രാമം എന്ന സന്ദേശമായി ഉദയഗിരി പ്രത്യാശ യുപി സ്കൂളിലെ കുട്ടികൾ ഗാന്ധി ജയന്തി ദിനത്തിൽ ഉദയഗിരി ടൗൺ പ്ലാസ്റ്റിക് മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും ശേഖരിച്ച് ശുചീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ നിഖിൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മുഖ്യാധ്യാപിക കെ. സാലി അധ്യക്ഷത വഹിച്ചു. അധ്യാപകരായ റെയ്സു ഷാജി, ജിമ്മി, ജിക്സൺ പി. ജോർജ്, കെ.എ.ഫസീല എന്നിവർ നേതൃത്വം നൽകി.