കണ്ണൂർ ദസറ ഇന്നു മുതൽ 12 വരെ
1458886
Friday, October 4, 2024 6:19 AM IST
കണ്ണൂർ: കണ്ണൂർ കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറ നവരാത്രി ആഘോഷം ഇന്നു മുതൽ 12 വരെ കളക്ടറേറ്റ് മൈതാനിയിൽ നടക്കും. "കാണാം ദസറ കരുതാം ഭൂമിയെ' എന്നതാണ് ഈ വര്‍ഷത്തെ കണ്ണൂര്‍ ദസറയുടെ മുദ്രാവാക്യം. ഈ സന്ദേശം പ്രചരിപ്പിക്കുന്ന നിരവധി പരിപാടികള്‍ ഇതിനോടകം സംഘടിപ്പിച്ചതായി മേയർ മുസ്ലിഹ് മഠത്തിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും ആകര്‍ഷിക്കുന്ന തരത്തില്‍ വിപുലമായ കലാ സാംസ്കാരിക സംഗീത പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് മേയർ പറഞ്ഞു.
കണ്ണൂർ ദസറയുടെ ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് കളക്ടറേറ്റ് മൈതാനിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. ടി. പദ്മനാഭൻ ദീപംതെളിയിക്കും. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കളക്ടർ അരുൺ കെ. വിജയൻ, സിറ്റി പോലീസ് കമ്മീഷർ അജിത്കുമാർ, സ്വാമി അമൃത കൃപാനന്ദപുരി, ഹാഫിസ് അനസ് മൗലവി, കണ്ണൂർ രൂപത വികാരി ജനറാൾ മോൺ ക്ലാരൻസ് പാലിയത്ത്, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
കലാമണ്ഡലം സിന്ധുജ നായർ മോഹിനിയാട്ടം അവതരിപ്പിക്കും. ദേവ്ന ബിജേഷ് കുച്ചിപ്പുടിയും ടാഷ അന്ന ഈപ്പൻ ഭരതനാട്യവും അവതരിപ്പിക്കും. തുടർന്ന് വി. വിവേകാന്ദൻ നയിക്കുന്ന ഗാനമേള. വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എംപിമാർ, എംഎൽഎമാർ, സാഹിത്യകാരൻമാർ, കലാകാരൻമാർ എന്നിവർ പങ്കെടുക്കും. നൃത്ത പരിപാടികൾ, മ്യൂസിക് ഫ്യൂഷൻ, ഗാനമേള, സൂഫി സംഗീത സന്ധ്യ, ഗാനമേള കോമഡി ഷോ എന്നിവയടക്കമുള്ള കലാപരിപാടികൾ അരങ്ങേറും.
പത്രസമ്മേളനത്തിൽ ഡപ്യൂട്ടി മേയര്‍ പി. ഇന്ദിര, മുന്‍ മേയറും ദസറ ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ടി.ഒ. മോഹനന്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺമാരായ വി.കെ. ശ്രീലത, ഷാഹിന മൊയ്തീന്, ചെയർമാൻമാരായ സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്, കൗണ്‍സിലര്‍മാരായ പി.പി. പ്രദിപൻ, എന്‍. ഉഷ, ദസറ അസി. കോ-ഓര്‍ഡിനേറ്റര്‍ കെ.സി. രാജന്, മീഡിയ കമ്മിറ്റി ചെയര്മാന് സി. സുനില്‍ കുമാര്‍ കെ.വി. അബ്ദുൾ റസാഖ് എന്നിവരും പങ്കെടുത്തു.