ഭിന്നശേഷി ആനുകൂല്യത്തിൽ സർക്കാർ നീക്കം അപലപനീയം: കത്തോലിക്ക കോൺഗ്രസ്
1453957
Wednesday, September 18, 2024 1:27 AM IST
തലശേരി: ഭിന്നശേഷിക്കാർക്ക് സർക്കാർ നൽകിവരുന്ന ആനുകൂല്യങ്ങൾ നിബന്ധനകൾ നിശ്ചയിച്ച് ഇല്ലാതാക്കാനുള്ള സർക്കാരിന്റെ ശ്രമം അപലനീയമാണെന്ന് കത്തോലിക്ക കോൺഗ്രസ്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ഭിന്നശേഷിക്കാർ, അവരെ സംരക്ഷിക്കുന്ന കുടുംബങ്ങൾ, സ്ഥാപനങ്ങളെല്ലാം അങ്കലാപ്പിലായിരിക്കുകയാണ്.
കേരളത്തിലെ ജനങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഒട്ടനവധി ആനുകൂല്യങ്ങൾ വിവിധ കാരണങ്ങൾ പറഞ്ഞ് ഇല്ലാതാക്കാൻ സംഘടിതമായ ശ്രമങ്ങളാണ് നടക്കുന്നത്. ക്ഷേമപെൻഷൻ ഉപഭോക്താക്കളുടെ എണ്ണവും വികസന പ്രവർത്തനങ്ങളും പരിധിയില്ലാതെ അനുദിനം വെട്ടിക്കുറച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കുറയ്ക്കുകയും ജനങ്ങൾ നൽകേണ്ട നികുതികളും ഫീസുകളും വർധിപ്പിക്കുകയുമെന്നതാണ് നിലവിൽ സർക്കാരിന്റെ നയം. സർക്കാരിന്റെ ലക്ഷ്യം ജനക്ഷേമമാണെങ്കിൽ ഇതെല്ലാം തിരുത്താൻ തയാറാകണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു. ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, അതിരൂപത സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ്, വൈസ് പ്രസിഡന്റുമാരായ ഐ.സി.മേരി മുണ്ടാട്ടുചുണ്ടയിൽ, ബെന്നിച്ചൻ മഠത്തിനകം, ഷിനോ പാറയ്ക്കൽ, ടോമി കണയാങ്കൽ, ജയിംസ് ഇമ്മാനുവേൽ, സിബി ജാതികുളം, ജോസഫ് കൊച്ചുകുന്നത്തുപറമ്പിൽ, പീയൂസ് പറയിടം, ബേബി നെട്ടനാനി, ബെന്നി പുതിയാംപുറം, ജോർജ് കാനാട്ട്, വർഗീസ് പള്ളിച്ചിറ, രാജീവ് കണിയാന്തറ, ഷാജു ഇടശേരി, സിജോ കണ്ണേഴത്ത്, കിഷോർ ലാൽ എന്നിവർ പ്രസംഗിച്ചു.