തീരദേശ ഹൈവേ: ആശങ്കയറിയിച്ച് പ്രതിപക്ഷ നേതാവിന് നിവേദനം
1453945
Wednesday, September 18, 2024 1:27 AM IST
തലശേരി: നിർദിഷ്ട തീരദേശ ഹൈവേ പദ്ധതി തലശേരി പട്ടണത്തിൽ കൂടി കടന്നുപോകുന്നതിൽ ആശങ്ക അറിയിച്ച് നിയമസഭ പ്രതിപക്ഷാ നേതാവിന് നിവേദനം. തലശേരി പട്ടണ തൊഴിൽ വ്യാപാര സംരക്ഷണ സമിതിയാണ് തലശേരിയിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിവേദനം സമർപ്പിച്ചത്.
വാണിജ്യ കേന്ദ്രമായ മെയിൻ റോഡിൽ കൂടിയാണ് തീരദേശ ഹൈവേ കടന്നുപോകുന്നതെങ്കിൽ തലശേരി പട്ടണം തന്നെ ഇല്ലാതാവുന്ന അവസ്ഥ വന്നുചേരുമെന്നും ഇതിന് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും ആയിരക്കണക്കിന് വ്യാപാരികളുടെയും തൊഴിലാളികളുടെയും ആശങ്കയ്ക്ക് അറുതിവരുത്തണമെന്നാണ് നിവേദനത്തിലെ ആവശ്യം.
സംരക്ഷണ സമിതി വർക്കിംഗ് ചെയർമാൻ കെ.എൻ. പ്രസാദ്, വൈസ് ചെയർമാൻ എ.കെ. സക്കറിയ, കൺവീനർ വി.പി. അനിൽകുമാർ, ഭാരവാഹിയായ കെ.പി. സുജിത്ത്, ട്രഷറർ പി. കെ. നിസാർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.