തളിപ്പറമ്പ് റെയിൽവേ റിസർവേഷൻ കൗണ്ടർ നാളെ മുതൽ താലൂക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും
1453766
Tuesday, September 17, 2024 1:51 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് റെയിൽവേ റിസർവേഷൻ കൗണ്ടർ നാളെ മുതൽ താലൂക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും. റവന്യൂ ടവർ നിർമാണത്തിനായി നിലവിലെ കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായാണു കേന്ദ്രത്തിന്റെ പ്രവർത്തനത്തിനു പകരം സംവിധാനം ഏർപ്പെടുത്തിയത്. തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോമ്പൗണ്ടിലെ റെയിൽവേ റിസർവേഷൻ കൗണ്ടർ മലയോര മേഖലകളിൽ നിന്നുള്ള ട്രെയിൻ യാത്രക്കാരും ഇതര സംസ്ഥാനങ്ങളിൽ നിന്നും ജോലിക്കായി എത്തുന്നവരും ഏറെ ആശ്രയിക്കുന്ന കേന്ദ്രമാണ്.
തളിപ്പറമ്പിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പുതിയ റവന്യൂ ടവർ നിർമിക്കാൻ നിശ്ചയിച്ച സ്ഥലത്തുള്ള കെട്ടിടത്തിലാണു നിലവിൽ ഇത് പ്രവർത്തിക്കുന്നത്. ഇത് പ്രവർത്തിക്കാതിരുന്നാൽ യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകുന്നതിനാലാണ് താലൂക്ക് ഓഫീസ് കെട്ടിടത്തിലെ ഒരുഭാഗത്ത് താത്കാലിക സൗകര്യമൊരുക്കിയത്. നാളെ മുതൽ റിസർവേഷൻ കൗണ്ടർ പ്രവർത്തിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.