ഇരിക്കൂറിലെ ടൂറിസം പദ്ധതികളുടെ അവലോകന യോഗം ചേർന്നു
1453763
Tuesday, September 17, 2024 1:51 AM IST
ഇരിക്കൂർ: ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട അവലോകന യോഗം സജീവ് ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു.
ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിൽ ടേക്ക് എ ബ്രേക്കിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് നഗരസഭ ഏറ്റെടുക്കുമെന്ന് ചെയർപേഴ്സൺ കെ.വി. ഫിലോമിന യോഗത്തിൽ ഉറപ്പു നൽകി.
ഏഴരക്കുണ്ട് ടൂറിസം സെന്ററിലെ മെയിൻ ബ്ലോക്ക് നവീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഉടൻ നടപ്പാക്കാനും തീരുമാനിച്ചു. ടൂറിസം പോലിസ് സംവിധാനം പൈതൽമല, പാലക്കയംതട്ട്, എഴരക്കുണ്ട് എന്നീ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ പോലിസ് അധികൃതരോട് ആവശ്യപ്പെടും.
കുട്ടിപ്പുല്ല് ഡെസ്റ്റിനേഷൻ ചാലഞ്ചിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ടുറിസം സെന്ററിന്റെ ഉദ്ഘാടനം ഈ വർഷം തന്നെ നടത്തും. പൈതൽമലയിൽ ശുചിമുറി സൗകര്യം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും യോഗം നിർദേശിച്ചു.
യോഗത്തിൽ അസി. കളക്ടർ ജി. സായ്കൃഷ്ണ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി ഓടമ്പള്ളി, മിനി ഷൈബി, ടി.പി. ഫാത്തിമ, ജിജേഷ് കുമാർ, ആർഎഫ്ഒ രതീശൻ,വി. നികേഷ്, കെ.പി. മുകേഷ്, ടി.എൻ. ധനലക്ഷമി, ടി.വി. നാരായണൻ, കെ.പി. ദിലൻ, കെ.പി. ഗംഗാധരൻ എന്നിവർ പങ്കെടുത്തു.