ഓണത്തല്ല് വേണ്ട അന്പാനേ; രണ്ടാഴ്ച കന്പി എണ്ണും
1453611
Sunday, September 15, 2024 6:37 AM IST
കണ്ണൂർ: രണ്ട് അടിച്ച് ആർക്കെങ്കിലുമിട്ട് രണ്ട് കൊടുക്കണമെന്ന് തോന്നിയാൽ ഇനി ഒന്നു കൂടി ആലോചിച്ചാൽ നന്നാകും. കാരണം അടിപിടി പഴയ പോലെ ഇനി അത്ര നിസാര കേസല്ല. ജാമ്യം കിട്ടാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരും. പിടിയിലായാൽ പോലീസ് സ്റ്റേഷൻ ജാമ്യം കിട്ടില്ല.
ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും ഏതെങ്കിലും ജയിലിൽ കന്പിയെണ്ണി കഴിയേണ്ടി വരുമെന്നർഥം. രാജ്യത്ത് ബ്രിട്ടീഷുകാരുടെ കാലത്തെ ഇന്ത്യൻ പീനൽ കോഡ് (ഐപിസി) ഭേദഗതി ചെയ്ത് ഭാരതീയ ന്യായ സംഹിതയാക്കിയതോടെയാണ് അടിപിടി ജാമ്യമില്ലാ വകുപ്പായി മാറിയത്.
അതുകൊണ്ട് തന്നെ ഓണത്തിന് ഒരു ഓളമുണ്ടാകാൻ രണ്ട് അടിച്ച് ആരുടെയെങ്കിലും മേക്കിട്ട് കയറുന്നത് ഹരമാക്കിയവർ ഉണ്ടെങ്കിൽ ഓർത്തുവച്ചാൽ ജയിലിലെത്താതെ വീട്ടിൽ തന്നെ കിടക്കാനാകും. ഇതുസംബന്ധിച്ച് ബോധവത്കരണ ട്രോളുകളും സമൂഹമാധ്യമത്തിൽ വ്യാപകമാണ്.
ഫഹദ് ഫാസിലിന്റെ ആവേശം സിനിമയിലെ ശ്രദ്ധിക്കണ്ടേ അന്പാനേ.. എന്ന വൈറലായ ഡയലോഗ് ചേർത്താണ് ബോധവത്കരണ സന്ദേശമുള്ളത്
ഓണം അല്ലെ, രണ്ടെണ്ണം അടിക്കണമല്ലേ, അടിച്ചോളൂ പക്ഷേ തിരിച്ചടിക്കരുത് എന്ന തലക്കെട്ടോടെയാണ് അടിപിടികേസിൽ അകപ്പെട്ടാൽ 14 ദിവസം കഴിഞ്ഞാലും വീടും കുടിയും കാണൂല അന്പാനെ, ഇനി ഓണത്തല്ല് വേണ്ട ഓണച്ചിരി മാത്രം, അന്പാനെ ശ്രദ്ധിക്കാൻ പറ എന്ന വാചകത്തോടു കൂടിയാണ് സന്ദേശം തീരുന്നത്.
ഭാരതീയ ന്യായ സംഹിതയിൽ ഐപിസിയിൽ നിന്ന് 20 പുതിയ കുറ്റകൃത്യങ്ങൾ വകുപ്പായി ചേർത്തിട്ടുണ്ട്. 33 കുറ്റകൃത്യങ്ങൾക്കുള്ള തടവുശിക്ഷയും വർധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് അടിപിടിക്കാരെയും രണ്ടാഴ്ച ജാമ്യമില്ലാതെ അകത്തു കിടത്താൻ തീരുമാനമായത്.
മാരകായുധങ്ങൾ ഉപയോഗിച്ചോ അല്ലാതെയോ മറ്റൊരാളെ അപായപ്പെടുത്തുകയോ മുറിവേൽപ്പിക്കുകയോ ചെയ്താൽ ചുമത്തിയിരുന്ന ഇന്ത്യൻ പീനൽ കോഡാണ് ഭേദഗതി ചെയ്ത് ഭാരതീയ ന്യായസംഹിതയിൽ വകുപ്പായി മാറ്റുകയാണ് ചെയ്തിരിക്കുന്നത്.
സ്വന്തം ലേഖകൻ