കണ്ണൂരിൽ ട്രെയിൻ യാത്രക്കാരനിൽനിന്ന് 40 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി
1451730
Sunday, September 8, 2024 7:33 AM IST
കണ്ണൂർ: പോലീസ് നടത്തിയ പരിശോധനയിൽ ട്രെയിൻ യാത്രക്കാരനിൽനിന്ന് രേഖകളില്ലാത്ത 40ലക്ഷം രൂപ പിടികൂടി. കോട്ടയം എരുമേലി സ്വദേശി സാബിൻ ജലീലിൽ നിന്നാണ് പണം പിടികൂടിയത്.
ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി സ്പെഷൽ പോലീസ് സ്ക്വാഡ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കണ്ണൂരിലെത്തിയ 16324 -മംഗളൂരു കോയന്പത്തൂർ എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. പരിശോധന നടത്തുന്നതിനിടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പ്രതിയെ വിശദമായി പരിശോധിച്ചപ്പോഴാണ് ബാഗിൽ ഒളിപ്പിച്ചുവച്ച നിലയിൽ പണം കണ്ടെത്തിയത്. പണത്തിനെക്കുറിച്ച് പ്രതി വ്യക്തമായ ഉത്തരമൊന്നും നൽകിയിട്ടില്ല.
കണ്ണൂർ റെയിൽവേ പോലീസ് എസ്എച്ച്ഒ ഒ.പി. വിജേഷ്, എഎസ്ഐ ഷാജി, സിവിൽ പോലീസ് ഓഫീസർമാരായ നിഖിൽ, നിജിൻ സംഗീത്, സുമേഷ്, അജേഷ്, രമ്യ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.