കാങ്കോലിൽ വ്യാപാരി നേതാവിന്റെ കടയ്ക്കു മുന്നിൽ റീത്ത് വച്ചു
1450954
Friday, September 6, 2024 1:46 AM IST
പയ്യന്നൂര്‍: കാങ്കോലിൽ സിപിഎം പ്രവർത്തകനായ വ്യാപാരി നേതാവിന്റെ കടയ്ക്കു മുന്നിൽ അജ്ഞാതർ റീത്ത് വച്ചു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പയ്യന്നൂര്‍ ഏരിയ കമ്മിറ്റി പ്രസിഡന്റും സിപിഎം പ്രവര്‍ത്തകനും കാങ്കോല്‍ ശിവക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ കാങ്കോല്‍ കുണ്ടയംകൊവ്വലിലെ കെ.വി. മുരളീധരന്റെ കടയ്ക്കു മുന്നിലാണ് റീത്ത് വച്ചത്.
ഇന്നലെ രാവിലെ പത്രവിതരണക്കാരനാണ് കടയ്ക്കു മുന്നിൽ റീത്ത് കണ്ടെത്തിയത്. റീത്തിൽ "നിന്റെ അനുമതി ആര്‍ക്കു വേണം. ഞങ്ങള്‍ നടത്താന്‍ തീരുമാനിച്ചാല്‍ നടത്തും. തടയാന്‍ ശ്രമിച്ചാല്‍ അങ്ങു തീര്‍ക്കും. ഓര്‍ത്താല്‍ നല്ലത്' എന്ന കുറിപ്പുമുണ്ട്.
മറ്റു ചില വാചകങ്ങളുണ്ടെങ്കിലും മഴ നനഞ്ഞ് മാഞ്ഞുപോയ നിലയിലായിരുന്നു. വിവരമറിഞ്ഞ് പെരിങ്ങോം പോലീസ് എത്തി റീത്ത് കസ്റ്റഡിയിലെടുത്തു.
ക്ഷേത്രം സംബന്ധമായ പ്രശ്നങ്ങളാണ് റീത്ത് വച്ചതിന്റെ പിന്നിലെന്നാണ് കരുതുന്നത്. ഇതുവരെ ഗണേശോത്സവം നടത്താതിരുന്ന ഇവിടെ ക്ഷേത്രം കേന്ദ്രീകരിച്ച് ഇക്കുറി ഉത്സവം നടത്താൻ ചിലർ ശ്രമിച്ചിരുന്നു. എന്നാൽ ഗണേശോത്സവവുമായി ക്ഷേത്രത്തിന് ബന്ധമില്ലെന്ന് ക്ഷേത്രട്രസ്റ്റി ബോർഡ് ചെയർമാനായ മുരളീധരൻ പ്രസ്താവന നടത്തിയിരുന്നു. ഇതിലുള്ള വിരോധമാകാം റീത്ത് വയ്ക്കുന്നതിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം.