ജില്ലയിൽ ഇതുവരെ കൊന്നൊടുക്കിയത് 930 പന്നികളെ
1444699
Wednesday, August 14, 2024 1:42 AM IST
കണ്ണൂർ: ആഫ്രിക്കൻ പന്നിപ്പനിയെ തുടർന്ന ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഇതുവരെ കൊന്നൊടുക്കിയത് 930 പന്നികളെ. 2022 ജൂലൈ മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കണക്കാണിത്. പേരാവൂർ, ആറളം, പായം, ഉദയഗിരി, മാലൂർ, കണിച്ചാർ, നടുവിൽ തുടങ്ങി ജില്ലയിലെ ഒന്പതു പഞ്ചായത്തുകളിലാണ് ഇതുവരെ പന്നിപ്പനി ബാധിച്ചത്. ജില്ലയിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തത് 2022ൽ കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിലാണ്.
ദയാവധം നടത്തുന്ന പന്നികൾക്ക് മാത്രമേ നിലവിൽ സർക്കാർ നഷ്ടപരിഹാരം അനുവദിച്ചിട്ടുള്ളു. പനി ബാധിച്ച് ചാവുന്ന പന്നികൾക്ക് നിലവിൽ നഷ്ടപരിഹാരമില്ല. ഇതുകൊണ്ട് ഏറെ ബുദ്ധിമുട്ടിലാകുന്നത് കർഷകരാണ്. അവർക്ക് ഉപജീവനമാർഗം തന്നെ ഇല്ലാതാകുന്ന അവസ്ഥയുണ്ടെന്ന് അധികൃതർ പറഞ്ഞു.
എന്താണ്
ആഫ്രിക്കൻ പന്നിപ്പനി
വളർത്തുപന്നികൾ, കാട്ടുപന്നികൾ എന്നിവയെ ബാധിക്കുന്ന മാരക വൈറസ് രോഗമാണ് ആഫ്രിക്കൻ പന്നിപനി. മരണനിരക്ക് 100 ശതമാനമാണ്. കഠിനമായ പനി, പെട്ടെന്നുള്ള മരണം, വിശപ്പില്ലായ്മ, ഛർദ്ദി, ശ്വാസതടസം, വയറിളക്കം, ക്ഷീണം, ചെവി, വാൽ, നെഞ്ച്, വയർ എന്നീ ഭാഗങ്ങളിലെ തൊലിപ്പുറത്ത് കടും ചുവപ്പ് നിറം, പർപ്പിൾ നിറം, ഗർഭം അലസൽ എന്നിവയാണ് രോഗലക്ഷണങ്ങൾ.
കേരളത്തിൽ മാനന്തവാടി മുനിസിപ്പാലിറ്റി, തവിഞ്ഞാൽ പഞ്ചായത്ത് എന്നിവിടങ്ങളിലെ സ്വകാര്യ ഫാമുകളിലാണ് ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ആഫ്രിക്കൻ പന്നിപ്പനിക്കെതിരേ നിലവിൽ വാക്സിനോ ചികിത്സയോ ഇല്ല. ദുരന്ത നിവാരണത്തിന്റെ ഭാഗമായി രോഗം സ്ഥിരീകരിച്ച ഫാമിലെ മുഴുവൻ പന്നികളെയും രോഗം റിപ്പോർട്ട് ചെയ്ത ഫാമിന്റെ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള മുഴവൻ പന്നികളെയും ദയാവധം നടത്തി ശാസ്ത്രീയമായ സംസ്കരിക്കുക മാത്രമാണ് പ്രധാന രോഗനിയന്ത്രണ മാർഗം.
തുടർന്ന് അണുനശീകരണം നടത്തിയതിനുശേഷം മൂന്നുമാസം ഫാം പൂർണമായും അടച്ചിടണം. രോഗം ബാധിച്ച ഫാമിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗനിരീക്ഷണ മേഖലയായതിനാൽ ആ പ്രദേശത്തെ ഫാമുകളിൽ നിലവിലുള്ള പന്നികളെ വിൽക്കാനോ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാനോ പാടില്ല. ആറുമാസത്തിനുശേഷം മാത്രമേ പന്നികളെ ഒഴിവാക്കിയ ഫാമുകളിൽ പന്നിവളർത്തൽ വീണ്ടും ആരംഭിക്കുവാൻ സാധിക്കുകയുള്ളു.
രോഗവ്യാപനം
തടയാൻ
*അന്യസംസ്ഥാനത്തുനിന്നും രോഗം ബാധിച്ച പന്നിമാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്തുന്നത് തടയുക.
*പന്നിയെ മാത്രമോ, പന്നി, പോത്ത്, കോഴി ഇവയെ ഒരുമിച്ചോ കശാപ്പുചെയ്യുന്ന അറവുശാലയിൽ നിന്നുള്ള അറവു മാലിന്യം പന്നികൾക്ക് തീറ്റയായി നൽകരുത്.
* കശാപ്പുശാലയിലെ വേസ്റ്റും ഹോട്ടൽ വേസ്റ്റും നല്ലവണ്ണം വേവിച്ചതിനുശേഷം മാത്രം തീറ്റയായി നൽകണം.
*കാട്ടുപന്നികളും അലഞ്ഞുതിരിയുന്ന പന്നികളും ഫാമുകളിൽ പ്രവേശിക്കാതെ വേലികെട്ടി നിയന്ത്രിക്കണം.
*ഫാമിലേക്ക് വരികയോ പോവുകയോ ചെയ്യുന്ന വാഹനങ്ങൾ കൃത്യമായി അണുനശീകരണം നടത്തണം.
* രോഗലക്ഷണങ്ങൾ, അസാധാരാണരീതിയിലുള്ള മരണം എന്നിവ പന്നികളിൽ കണ്ടാൽ ഉടൻ തന്നെ മൃഗാശുപത്രിയിൽ വിവരം അറിയിക്കണം.
* ഫാമിൽ ജൈവസുരക്ഷ കർശനമായി നടപ്പാക്കണം.