ഞണ്ണമല ക്വാറിയിലേക്ക് ബഹുജന മാർച്ച്; പ്രതിഷേധം ഇരന്പി
1444140
Monday, August 12, 2024 1:03 AM IST
ചെമ്പന്തൊട്ടി: മേഖലയിലെ നൂറു കണക്കിന് കുടുംബങ്ങൾക്ക് അപകട ഭീഷണിയായ ഞണ്ണമല കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് ജനകീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ത്രീകളടക്കം നൂറു കണക്കിന് പ്രദേശവാസികൾ ക്വാറിയിലേക്ക് നടത്തിയ മാർച്ച് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ക്വാറി ഉടൻ പൂട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കടക്കമുള്ള അധികാരികൾക്ക് നിവേദനം നൽകിയിട്ടും ആവശ്യമായ നടപടി ഉണ്ടാകുന്നില്ലെങ്കിൽ ആയിരങ്ങളെ പങ്കെടുപ്പിച്ച് ജനകീയ കൺവൻഷൻ നടത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ക്വാറി വിരുദ്ധ സമിതി അറിയിച്ചു.
നിയയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറി ഉടൻ അടച്ചുപൂട്ടാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ പ്രദേശവാസികൾക്ക് ഉറപ്പുനൽകി. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന ക്വാറിയുടെ ലൈസൻസ് റദ്ദാക്കാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ അധ്യക്ഷത വഹിച്ചു. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണി ഉയർത്തുന്ന ക്വാറിയുടെ പ്രവർത്തനം തടയാനാവശ്യമായ നടപടികൾക്ക് തലശേരി അതിരൂപതയുടെ പിന്തുണ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വാഗ്ദാനം ചെയ്തിട്ടുള്ളതായി അദ്ദേഹം അറിയിച്ചു.
ഖത്തീബ് അബ്ദുറഹിമാൻ സക്കാഫി, ജനകീയ കമ്മിറ്റി ചെയർമാൻ വർഗീസ് വയലാമണ്ണിൽ, രക്ഷാധികാരി കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, കൺവീനർ കെ.എം. ഷംസീർ, ശ്രീകണ്ഠപുരം നഗരസഭ വാർഡ് കൗൺസിലർമാരായ എം.വി. ഷീന, ബേബിച്ചൻ ചിറപ്പുറം, നഗരസഭ മരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സി. ജോസഫ് കൊന്നയ്ക്കൽ, സിപിഎം ലോക്കൽ സെക്രട്ടറി എം. പ്രകാശൻ, കോൺഗ്രസ് നെടിയേങ്ങ മണ്ഡലം പ്രസിഡന്റ് ജിയോ, നെടിയേങ്ങ സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി പെരുമ്പള്ളിൽ, ബിനോയി തോമസ്, ഷിനോ പാറയ്ക്കൽ, പി.സി. ജോസ്, എം.എ. സിനാജുദ്ദീൻ, ജോർജ് ആലപ്പാട്ട്, സണ്ണി കൊച്ചുപുരക്കൽ, ജോയി നെയ്മണ്ണിൽ, വിനോദ് പുത്തൻപുര, സജി മേലേട്ട് എന്നിവർ പ്രസംഗിച്ചു.