കൃഷി നാശത്തിനെ പ്രകൃതി ക്ഷോഭത്തിൽ ഉൾപ്പെടുത്തണം: ഡികെടിഎഫ്
1442379
Tuesday, August 6, 2024 1:44 AM IST
കണ്ണൂർ: പ്രകൃതി ക്ഷോഭം, വന്യമൃഗങ്ങൾ എന്നിവ മൂലം കൃഷിനാശം സംഭവിച്ചാൽ ഇതിനെ നാച്വറൽ കലാമിറ്റീസ് വിഭാഗത്തിൽ ഉൾപ്പെടുത്തി ആവശ്യമായ ധനസഹായവും നാശം നേരിട്ടവർക്ക് ആറു മാസമെങ്കിലും സൗജന്യ റേഷനും അനുവദിക്കണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡികെടിഎഫ്) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ് മണി ഉദ്ഘാടനം ചെയ്തു. വയനാട്ടിലും വിലങ്ങാട്ടിലുമുണ്ടായ പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടം സംഭവിച്ചവരെ സഹായിക്കാൻ സമൂഹം ഒന്നടങ്കം ഒന്നിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേമനിധിയിൽ അംഗമായവർക്ക് കാലപരിധി നിശ്ചയിക്കാതെ പുതുക്കി നൽകാനും ഉപാധികളില്ലാതെ പെൻഷൻ 5000 രൂപയാക്കി വർധിപ്പിക്കണമെന്നും യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വള്ളിൽ നാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി. രവി മുഖ്യപ്രഭാഷണം നടത്തി. കെ.പി. കുഞ്ഞിരാമൻ, സി. വിജയൻ, പി.പി. കൃഷ്ണൻ, കെ.പി. വസന്ത, കെ. നാരായണൻ എന്നിവർ പ്രസംഗിച്ചു.