കൂൺ ഗ്രാമമാകാൻ ചെറുപുഴ
1442085
Monday, August 5, 2024 1:56 AM IST
ചെറുപുഴ: ചെറുപുഴ കൂൺ ഗ്രാമമാകുന്നു. മായമില്ലാത്ത ഭക്ഷ്യവസ്തു എന്നതിനൊപ്പം ജനകീയ സ്വീകാര്യത ലഭിച്ചതനൊപ്പം കൂൺ കൃഷിയിലൂടെ കർഷകർക്ക് മികച്ച നേട്ടമുണ്ടാക്കുക എന്നതാണ് പദ്ധതി നടപ്പാക്കാനുള്ള കാരണം. ഇതിന്റെ ഭാഗമായി ചെറുപുഴ കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷി പരിശീലന പരിപാടികളും നടത്തി വരികയാണ്.
കർഷകർ ആവശ്യപ്പെടുന്ന സ്ഥലത്ത് "ഒപ്പം'എന്ന പേരിലാണ് പരിശീലന പരിപാടികൾ നടത്തി വരുന്നത്. ആദ്യ പരിശീലന പരിപാടി നായനാർ സ്മാരക വായനശാലയുമായി സഹകരിച്ച് നടത്തി. ഈ പരിശീലനത്തിൽ നൽകിയ കൂൺ വിത്തുപയോഗിച്ചുള്ള കൃഷിയിൽ വൻ തോതിലുള്ള ഉത്പാദനമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
വ്യക്തികളും ഗ്രൂപ്പുകളായും കൂൺകൃഷി നടത്തുന്നുണ്ട്. ആവശ്യക്കാർ ഏറെയുള്ളതും നിലവിൽ ഒരു കിലോയ്ക്ക് 800 രൂപവരെ വില ലഭിക്കുന്നതും കർഷകർക്ക് കൂൺ കൃഷിയോടുള്ള താത്പര്യം വർധിപ്പിക്കുന്നുണ്ട്. കർഷകർ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും ആവശ്യമുള്ള സമയത്ത് കരിമ്പം ജില്ലാ കൃഷിഫാമിൽ നിന്ന് കൂൺ വിത്ത് സമാഹരിച്ച് നായനാർ സ്മാരക വായനയുടെ നേതൃത്വത്തിൽ ലഭ്യമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.
സംസ്ഥാന സർക്കാരിന്റെ ജൈവ കാർഷിക മിഷന്റെ ഭാഗമായി ചെറുപുഴയെ ഒരു കൂൺ ഗ്രാമമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പദ്ധതി പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന ചെറുപുഴ കൃഷി ഓഫീസർ പി. അഞ്ജു, കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ എന്നിവർ പറഞ്ഞു.