വയനാട് ദുരന്തം: മെഡിക്കൽ സംഘം സജ്ജം
1441965
Sunday, August 4, 2024 7:51 AM IST
കണ്ണൂർ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രകൃതിക്ഷോഭത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിൽ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ റാപിഡ് റെസ്പോൺസ് ടീം രൂപീകരിച്ചു.
മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ആശുപത്രിയിൽ ഒരുക്കേണ്ട സംവിധാനങ്ങളെക്കുറിച്ചും, ദുരന്തമുഖത്ത് ഇടപെടേണ്ട മെഡിക്കൽ ടീം അംഗങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിലയിരുത്തി.
വിവിധ ക്ലിനിക്കൽ വിഭാഗങ്ങളിലേയും, കമ്യൂണിറ്റി മെഡിസിനിലേയും ഡോക്ടർമാർ, പിജി വിദ്യാർഥികൾ, ഹൗസ് സർജൻമാർ, നഴ്സിംഗ് ജീവനക്കാർ, ഫാർമസി, ലാബ് ഉൾപ്പടെയുള്ള പാരാമെഡിക്കൽ ജീവനക്കാർ, തുടങ്ങിയവർ ഉൾക്കൊള്ളുന്ന മെഡിക്കൽ സംഘത്തെയാണ് ദുരന്തനിവാരണത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ സജ്ജമാക്കിയിട്ടുള്ളത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേകം വാർഡുകളും, ഐസിയു സംവിധാനങ്ങളും, മരുന്നുകളും, ഉപകരണങ്ങളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.
പ്രകൃതിക്ഷോഭങ്ങളിൽ ചികിത്സ ലഭിക്കേണ്ടവരുടെയും, ക്യാമ്പുകളിൽ ഉള്ളവരുടെയും, ശാരീരികവും, മാനസികവുമായ ആരോഗ്യം, പകർച്ചവ്യാധി പ്രതിരോധം എന്നിവ ഏകോപിപ്പിക്കാൻ മെഡിക്കൽ സംഘം നേതൃത്വം നൽകാൻ യോഗം തീരുമാനിച്ചു.