നെറ്റ് സീറോ കാർബൺ: ഒരുവർഷം നീളുന്ന പദ്ധതികളുമായി കേളകം പഞ്ചായത്ത്
1430721
Saturday, June 22, 2024 1:01 AM IST
കേളകം: പഞ്ചായത്തിൽ ഹരിതകേരളം മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന നെറ്റ് സീറോ കാർബൺ കേരളം കാമ്പയിനിന്റെ ഭാഗമായി ഒരു വർഷത്തേക്കുള്ള ആക്ഷൻ പ്ലാൻ തയാറാക്കി കേളകം പഞ്ചായത്ത്. ഇതുമായി ബന്ധപ്പെട്ടു ചേർന്ന കോർ കമ്മിറ്റി യോഗത്തിന് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷത വഹിച്ചു. ഹരിത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ പദ്ധതി വിശദീകരിച്ചു.
പാലുകാച്ചി ടൂറിസം കേന്ദ്രം വികസനം, വളയംചാൽ പച്ചത്തുരുത്ത് വ്യാപനം, ചീങ്കണ്ണി ബാവലി പുഴയരികിൽ എംഎസ് സ്വാമിനാഥൻ ഫൌണ്ടേഷനുമായി ചേർന്ന് മുളഗ്രാമം പദ്ധതി തുടങ്ങിയവ നടത്തും. സംഘാടക സമിതിയും സാങ്കേതിക സമിതി രൂപികരണവും 28ന് രാവിലെ 10ന് കേളകം വ്യാപാര ഭവനിൽ നടക്കും. ഇതോടനുബന്ധിച്ച് വിപുലമായ ശില്പശാലയും നടത്തും.
കോർ കമ്മിറ്റി യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, സെക്രട്ടറി ഇൻ ചാർജ് സന്തോഷ് കെ. തടത്തിൽ, ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, കെ. ജിൻഷ, വ്യാസ് ഷാ, പി.എം. രമണൻ, കെ.പി. ഷാജി, ടി.കെ. ബാഹുലേയൻ എന്നിവർ പ്രസംഗിച്ചു.