അപകടത്തിലേക്ക് തൂങ്ങി പരപ്പ, നെടുവോട് തൂക്കുപാലങ്ങൾ
1425227
Monday, May 27, 2024 1:36 AM IST
ആലക്കോട്: സ്കൂൾ കുട്ടികളടക്കം നിരവധി പേർക്ക് ആശ്രയമായിരുന്ന ആലക്കോട്ടെ കർഷക ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പരപ്പ, നെടുവോട് തൂക്കുപാലങ്ങൾ അപകടഭീഷണിയിൽ. കുടിയേറ്റത്തിന്റെ തുടക്കകാലത്ത് 1960-കളിൽ ജനകീയ കൂട്ടായ്മയാണ് പരപ്പ, നെടുവോട് പ്രദേശങ്ങളിൽ തൂക്കുപാലങ്ങൾ നിർമിച്ചത്.
പിന്നീട് 10 വർഷം മുമ്പ് വരെ ആലക്കോട് പഞ്ചായത്ത് ഏറ്റെടുത്ത് സംരക്ഷിച്ച് പോന്നതാണ് പാലം പിന്നെ അവരും കൈവിട്ടു. കുപ്പം പുഴയുടെ ഭാഗമായ രയറോം പുഴയ്ക്കും കാർത്തികപുരം പുഴയ്ക്കും ഇടയിലായാണ് ഈ രണ്ടു തൂക്കു പാലങ്ങളും. കൂട്ടാപറമ്പ്, എരുത്താംമട, പൂവൻചാൽ, പരപ്പ, മുതുശേരി, അളുമ്പ് പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളാണ് പരപ്പ തുക്കു പാലത്തെ ആശ്രയിക്കുന്നത്.
നാട്ടുകാർ ശ്രമദാനത്തിലൂടെ എല്ലാവർഷവും പലകകൾ മാറി അറ്റകുറ്റപ്പണികൾ നടത്തിയാണ് പാലം സംരക്ഷിച്ച് നിർത്തുന്നത്. എന്നാൽ കാലപ്പഴക്കം അതിനും ഭീഷണിയായി മാറുകയാണ്. പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് യാതോരു ഫണ്ടും കുറച്ച് വർഷമായി പാലത്തിന് ലഭിക്കാറില്ല. പരപ്പ ഗവ. യുപി സ്കൂളിലേക്ക് കുട്ടാപറമ്പിൽ നിന്നും പൂവൻചാൽ ആദിവാസി കോളനിയിൽ നിന്നു നിരവധി കുട്ടികളാണ് ഈ പാലത്തിലുടെ കടന്ന് പോകുന്നത്. മുൻ വർഷങ്ങളിൽ പല തവണ യാത്രക്കാർ തകർന്ന പലകയിലൂടെ താഴെ പുഴയിലേക്ക് വീണ് പരിക്കേറ്റിരുന്നു. യാത്ര ദുഷ്കരമായതിനാൽ സ്കൂൾ കുട്ടികളെ രക്ഷിതാക്കൾ പാലം കടത്താനായി കൂടെ വരേണ്ടിവരുന്നു. പഞ്ചായത്തിനോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും പാലത്തിന്റെ കാര്യത്തിൽ നിഷേധ നിലപാട് സ്വീകരിക്കുന്നതിനാൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.
കാടുകയറിയും ദ്രവിച്ചും തുരുമ്പെടുത്തും നശിച്ച് നെടുവോട് തൂക്കുപാലം
നെടുവോട് ,പൂക്കാട് , മുന്നാകുന്ന്, പരുത്തിക്കല്ല്, നെടുമ്പോക്ക്, പരപ്പ സ്കൂൾ, പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമായിരുന്നു നെടുവോട് തൂക്കുപാലം. കാടുകയറിയും , പലകകൾ ദ്രവിച്ചും കമ്പികൾ തുരുമ്പെടുത്തുനശിച്ച നിലയിലാണ്.
നെടുവോട് ഭാഗത്തുനിന്ന് പാലം കടന്ന് കുട്ടാപറമ്പ് ഭാഗത്തേക്ക് പോകുന്ന കർഷകർക്കും തൊഴിലാളികൾക്കും മഴക്കാലത്ത് പുഴ കടക്കാൻ സാധിക്കുന്നില്ല. വേനൽ കാലത്ത് പുഴയിലൂടെ ഇറങ്ങി കടന്നാണ് സഞ്ചരിക്കുന്നത്. മുൻ കാലങ്ങളിൽ ഈ പ്രദേശത്തെ വിദ്യാർഥികൾ ഈ പാലത്തിലൂടെ സഞ്ചരിച്ചാണ് മണക്കടവ്, കാത്തികപുരം, ആലക്കോട്, വായാട്ടുപറമ്പ് ,കണിയൻചാൽ തുടങ്ങിയ ഹയർ സെക്കണ്ടറി സ്കൂളുകളിൽ പോയിരുന്നത്.
ഇന്നിപ്പോൾ നെടുവോട് ഭാഗത്തുനിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ എട്ട് കിലോമീറ്റർ വളഞ്ഞു ചുറ്റി രയറോം വഴിയാത്ര ചെയ്ത് മാത്രമേ പുഴയിൽ വെള്ളം നിറയുമ്പോൾ സ്കുളുകളിലും മറ്റ് സ്ഥലങ്ങളിലും എത്തിചേരാൻ സാധിക്കുകയുള്ളു. ലോക ബാങ്കിന്റെ സഹായത്തോടെ നെടുവോട് പുഴക്ക് റഗുലേറ്റർ കം ബ്രിഡ്ജ് പണിയുവാൻ ശ്രമിച്ചിരുന്നു. വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി അനുകൂല റിപ്പോർട്ട് നൽകിയിരുന്നുവെന്നുങ്കിലും തുടർനടപടികളുമുണ്ടായില്ല.
റഗുലേറ്റർ കം ബ്രിഡ്ജിനായി ജലസേചന മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയിട്ടുണ്ട്. മന്ത്രിയും അനുകൂല നിലപാടിലാണ്. ത്രിതല പഞ്ചായത്ത് ഭരണസമിതികൾ കൂടുതൽ താത്പര്യമെടുത്ത് മുന്നോട്ടുവന്നാൽ നെടുവോട് റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമാകും. പരപ്പയിൽ കോൺക്രീറ്റ് പാലവും നെടുവോട് റഗുലേറ്റർ കം ബ്രിഡ്ജും വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.