കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വനിതാ ജീവനക്കാരില്ല; പരിശോധന അവതാളത്തിൽ
1425133
Sunday, May 26, 2024 8:27 AM IST
കൂട്ടുപുഴ: കേരള -കർണാടക അതിർത്തിയായ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ സ്ത്രീ യാത്രികരെ പരിശോധിക്കാൻ വനിതാ ജീവനക്കാരില്ലാത്തത് തിരിച്ചടിയാകുന്നു. മയക്കുമരുന്ന് കേസുകൾ പിടികൂടുന്ന അതിർത്തിയിലെ പ്രധാന ചെക്ക് പോസ്റ്റിലാണ് ഊ ദുരവസ്ഥ. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ചെക്ക് പോസ്റ്റിൽ വനിത ജീവനക്കാരുടെ അസാന്നിധ്യം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ഈ അവസരം മുതലാക്കി സ്ത്രീകളെ ഉപയോഗിച്ച് ഇതുവഴി മയക്കുമരുന്നുകൾ കടത്തുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രണ്ട് ആഴ്ചയോളം ഇവിടെ വനിതാ ജീവനക്കാരെ അനുവദിച്ചിരുന്നു. ബംഗളൂരുവിൽ നിന്ന് എത്തുന്ന വിദ്യാർഥികളെ ഉപയോഗിച്ച് മയക്കുമരുന്നുകൾ കടത്തുന്നതായാണ് ആക്ഷേപം. ഇക്കാര്യം പരിശോധിക്കാൻ വനിതാ ജീവനക്കാരില്ലാത്തത് മയക്കുമരുന്ന് കടത്തു സംഘത്തിന് തുണയാവുകയാണ്.
പരാതികൾ ഭയന്ന് വനിതകൾ ഉൾപ്പെടുന്ന വാഹനങ്ങളെ പരിശോധിക്കാതെ കടത്തിവിടുകയാണ്. വിദ്യാലയങ്ങൾ തുറക്കുന്നതോടെ വിദ്യാർഥികളെ ലക്ഷ്യംവച്ചുള്ള മയക്കുമരുന്ന് സംഘവും സജീവമാണ്. കണ്ണൂർ ജില്ലയിൽ 50 വനിത എക്സൈസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ ഒരു ഉദ്യോഗസ്ഥയെ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ നിയമിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.