പാഠം പൂത്ത കാലം അധ്യാപക പരിശീലനത്തിൽ താരമായി ശൈലജ ടീച്ചർ
1425119
Sunday, May 26, 2024 8:27 AM IST
പയ്യാവൂർ: അടുത്ത അധ്യയന വർഷത്തെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി മയ്യിൽ ജിഎച്ച് എസ്എസിൽ നടക്കുന്ന മലയാളം അധ്യാപക പരിശീലനത്തിലാണ് ഇരിക്കൂർ ജിഎച്ച്എസ്എസ് മുഖ്യാധ്യാപിക വി.സി. ശൈലജയുടെ "പാഠം പൂത്ത കാലം' എന്ന പ്രദർശനം ഒരുക്കിയത്.
അധ്യാപന ജീവിതത്തിൽ ക്ലാസ് മുറികളിൽ രൂപപ്പെട്ട വിദ്യാർഥികളുടെ അനുഭവ കുറിപ്പുകളും സർഗരചനകളും ഉൾപ്പെട്ടതായിരുന്നു പ്രദർശനം. കണ്ണൂർ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ സേവനമനുഷ്ടിച്ച കാലത്ത് ക്ലാസ് മുറിയിൽ വിദ്യാർഥികൾ സ്വന്തം കൈപ്പടയിൽ എഴുതിയ ജീവിതാനുഭവങ്ങളുടെ നേർചിത്രങ്ങളാണ് പ്രദർശനത്തില ഓരോ ഇനങ്ങളും.
വളരെ വ്യത്യസ്തമായ രീതിയിലൂടെ വിദ്യാർഥികളുടെ ലോകത്തിലൂടെ സഞ്ചരിക്കുന്ന ടീച്ചറുടെ അധ്യാപന തന്ത്രങ്ങൾ പുതുതലമുറ അധ്യാപകർക്കും മികച്ച അനുഭവമായി. സംസ്ഥാന അധ്യാപക അവാർഡുൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ശൈലജ മികച്ച ഒരു എഴുത്തുകാരി കൂടിയാണ്. ശൈലജയുടെ നേതൃത്വത്തിൽ ചെറുകുന്ന് ഹൈസ്കൂളിൽ നടത്തിയ വിദ്യാർഥികളുടെ ലൈബ്രറിയും അനുബന്ധ പ്രവർത്തനങ്ങളും സംസ്ഥാന തലത്തിൽ അംഗീകാരം നേടിയിരുന്നു.