നാളെ മുതൽ ‘നായനാരുമായി സംസാരിക്കാം’
1423194
Saturday, May 18, 2024 12:45 AM IST
കണ്ണൂർ: കണ്ണൂർ ബർണശേരിയിലെ നായനാർ അക്കാഡമിയോട് ചേർന്നുള്ള നായനാർ മ്യൂസിയം നാളെ ജനങ്ങൾക്കായി തുറന്നു കൊടുക്കും. നിർമിത ബുദ്ധി ഉപയോഗിച്ച് "നായനാരുമായി' സന്ദർശകർക്ക് സംസാരിക്കാനുള്ള സൗകര്യമുൾപ്പെടെയുള്ളവ ഒരുക്കിയാണ് മ്യൂസിയത്തിന്റെ ഒന്നാംഘട്ടം പൂർത്തീകരിച്ചിരിക്കുന്നത്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കളായ പി. കൃഷ്ണപിള്ള, ഇഎംഎസ്, എൻ.സി. ശേഖർ, എകെജി, നായനാർ എന്നിവരുടെ സിലിക്കോണിൽ നിർമിച്ച പ്രതിമകൾ, പഴകാല പോരാട്ടങ്ങളുടെ ഏഴു മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രം, നായനാർ ഉപയോഗിച്ച പേന, കണ്ണട, രക്തസാക്ഷികളുടെ ഫോട്ടോയും പേരും വർഷവും ഉൾപ്പെടെയുള്ള വിശദാംശങ്ങളുടെ രക്തസാക്ഷി ഭിത്തി, സാർവദേശീയ തൊഴിലാളി പോരാട്ടത്തിന്റെ പ്രതീകമായ 30 അടിയുള്ള മുഷ്ടി ചരുട്ടിയ പ്രതിമ, ലോബിയിലെ മുഖത്തളം എന്നിവയാണ് ഒന്നാംഘട്ടത്തിൽ മ്യൂസിയത്തിലെ കാഴ്ചകൾ. രണ്ടാംഘട്ടത്തിൽ ഇവിടെ കൂടുതൽ കാഴ്ചകളൊരുക്കും.
ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും സന്ദർശിക്കാവുന്ന രീതിയിലാണ് പ്രവേശനം ക്രമീകരിച്ചിരിക്കുന്നത്.