തപാല് വോട്ടുകൾ സ്ട്രോംഗ് റൂമിലേക്ക് മാറ്റി
1416821
Wednesday, April 17, 2024 1:52 AM IST
കണ്ണൂർ: മുതിര്ന്ന പൗരന്മാര്, ഭിന്നശേഷിക്കാര് എന്നിവരുടെ വീടുകളിൽ പോളിംഗ് ടീം എത്തി ചെയ്യിച്ച പോസ്റ്റല് വോട്ടുകൾ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റി. കണ്ണൂര് നിയോജക മണ്ഡലത്തിലെ തപാൽ വോട്ടുകൾ മുന്സിപ്പല് ഹയര്സെക്കൻഡറി സ്കൂള്, അഴീക്കോടേത് പള്ളിക്കുന്ന് ഗവ. വനിതാ കോളജ്, തളിപ്പറമ്പിലേത് ടാഗോര് വിദ്യാനികേതന് എന്നിവിടങ്ങളിലേക്കാണ് മാറ്റിയത്. സ്ടോംഗ് റൂമുകളിലേക്ക് ബാലറ്റ് പേപ്പറുകൾ മാറ്റുന്നത് പ്രവർത്തന നടപടികൾ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ വിലയിരുത്തി.
നിയമസഭ മണ്ഡലത്തിലെ വിതരണ കേന്ദ്രത്തില് നിന്ന് പോസ്റ്റല് ബാലറ്റുകള് ഉപവരണാധികാരിയില് നിന്നു സ്വീകരിച്ചാണ് അര്ഹരായവരുടെ വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കുന്നത്. വോട്ട് ചെയ്യിപ്പിച്ച ശേഷം പോസ്റ്റല് ബാലറ്റുകള് ഉപവരണാധികാരിക്ക് കൈമാറി അവ ക്രോഡീകരിച്ച് റിട്ടേണിംഗ് ഓഫീസറുടെ സ്ട്രോംഗ് റൂമിലേക്ക് മാറ്റുന്ന പ്രവര്ത്തനമാണ് വിലയിരുത്തിയത്. രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇവ എണ്ണി തിട്ടപ്പെടുത്തി സ്ട്രോംഗ് റൂമിലേക്ക് മാറ്റിയത്. ബുധനാഴ്ച കമ്മീഷനിംഗ് നടത്താനിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള് സൂക്ഷിച്ച നിയമസഭ മണ്ഡലങ്ങളിലെ സ്ട്രോംഗ് റൂമുകള്, ഇ വിഎം കമ്മീഷനിംഗ് ഹാള് എന്നിവയുടെ സുരക്ഷയും കളക്ടര് വിലയിരുത്തി. അസി. കളക്ടര് അനൂപ് ഗാര്ഗും ഒപ്പമുണ്ടായിരുന്നു.