പഴശി കനാൽ തുരങ്കത്തിലെ ചോർച്ച; നിർമാണത്തിലെ പിഴവെന്ന് നിഗമനം
1416820
Wednesday, April 17, 2024 1:52 AM IST
മട്ടന്നൂർ: കാരയിൽ പുനർ നിർമിച്ച പഴശി കനാലിന്റെ തുരങ്കത്തിൽ ചോർച്ചയുണ്ടാകാൻ കാരണം നിർമാണത്തിലെ പിഴവെന്ന് പ്രാഥമിക നിഗമനം. ചോർച്ചയുണ്ടായതിനെ തുടർന്ന് ഉദ്യോഗസ്ഥ സംഘം നടത്തിയ പരിശോധനയിലാണ് നിർമാണത്തിലെ പിഴവാണ് കാരണമെന്ന് കണ്ടെത്തിയത്.
ചോർച്ച പരിഹരിക്കാൻ ഉദ്യോഗസ്ഥ സംഘം കരാറുകാരന് നിർദേശം നൽകി. മികച്ച രീതിയിലായിരിക്കും പുനർനിർമാണമെന്ന കാര്യം ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ചോർച്ച കണ്ടെത്തിയ ഭാഗങ്ങളിൽ അപ്പൊക്സി ഇൻജെക്ഷൻ ചെയ്ത ശേഷം മൈക്രോ കോൺക്രീറ്റ് ചെയ്തു ചോർച്ച അടക്കുന്നതിനെ കുറിച്ചാണ് പ്രാഥമിക പരിശോധനയിൽ തീരുമാനമായത്. ഏറ്റവും മികച്ച രീതിയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ചോർച്ച പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പ് നൽകി. അതിനൊപ്പം തന്നെ അടുത്ത സാമ്പത്തിക വർഷത്തിലെ പ്രഥമ പരിഗണന നൽകി തുരങ്കത്തിന്റെ മുകളിലുള്ള കനാൽ ലൈനിംഗ് ചെയ്തു വെള്ളം തുരങ്കത്തിലേക്ക് എത്തുന്നതും തടയും. രണ്ടാഴ്ചക്കുള്ളിൽ നിർമ്മാണ രീതികൾ പരിശോധിച്ച് വീണ്ടും ആക്ഷൻ കമ്മിറ്റിയെയും ജനപ്രതിനിധികളെയും കാര്യങ്ങൾ അറിയിച്ച ശേഷമാകും നിർമാണം ആരംഭിക്കുക.
ജലസേചന വകുപ്പ് ജില്ലാ സൂപ്രണ്ടിംഗ് എൻജിനിയർ ഡി. രാജൻ, അസി. എക്സിക്യുട്ടിവ് എൻജിനിയർ കെ. സന്തോഷ്, എഇ സിയാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാനാൽ തുരങ്കം പരിശോധിച്ച് നിർമാണത്തിലെ പിഴവാണ് ചോർച്ചയക്ക് കാരണമെന്ന് കണ്ടെത്തിയത്. ഇരിട്ടി നഗരസഭ ചെയർമാൻ എൻ. ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റി ഭാരവാഹികളും പ്രദേശവാസികളും സ്ഥലത്തുണ്ടായിരുന്നു.