യുവാവിന്റെ മരണം: അമിത ലഹരി ഉപയോഗമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
1416735
Tuesday, April 16, 2024 7:29 AM IST
കണ്ണൂർ സിറ്റി: ഉരുവച്ചാലിൽ യുവാവ് കിടപ്പുമുറിയിൽ മരിച്ചത് അമിത ലഹരി ഉപയോഗം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഉരുവച്ചാലിലെ തൻവീർ സത്താറിനെ(34) യാണ് കിടപ്പുമുറിയിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.
മൃതദേഹത്തിനടുത്തുനിന്ന് സിറിഞ്ചും കണ്ടെത്തിയിരുന്നു. ബംഗളൂരുവിൽ വ്യാപാരിയായിരുന്ന തൻവീർ പെരുന്നാൾ അവധിക്കാണ് നാട്ടിൽ എത്തിയത്.
എന്ത് മയക്കുമരുന്നാണ് കുത്തിവച്ചതെന്ന് കണ്ടെത്തണമെങ്കിൽ ഫോറൻസിക് റിപ്പോർട്ട് ലഭിക്കണമെന്ന് പോലീസ് പറഞ്ഞു.
ലഹരി ഉപയോഗിക്കുന്ന തൻവീർ നേരത്തെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.