ഇരിട്ടിയിൽ വഴിവിളക്കിന്റെ പേരിൽ തുലച്ചത് കോടികൾ
1416101
Saturday, April 13, 2024 1:15 AM IST
ഇരിട്ടി: കെഎസ്ടിപി പദ്ധതിയിൽപ്പെടുത്തി നവീകരിച്ച തലശേരി-വളവുപാറ അന്തർ സംസ്ഥാന പാതയിൽ ഇരിട്ടി ടൗണിൽ സ്ഥാപിച്ച സോളാർ വിളക്കുകൾ വീണ്ടും വാഹനം ഇടിച്ച തകർത്തു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് വാഹനം ഇടിച്ചത്. കൂട്ടുപുഴ മുതൽ തലശേരി വരെ സ്ഥാപിച്ച സോളാർ വിളക്കുകളിൽ മൂന്നിലൊന്ന് പോലും ഇപ്പോൾ പ്രകാശിക്കുന്നില്ല. ഒരെണ്ണത്തിന് ഒരു ലക്ഷത്തോളം ചെലവ് വരുന്ന നൂറുകണക്കിന് വിളക്കുകളാണ് സ്ഥാപിച്ചത്.
മട്ടന്നൂർ മുതൽ കളറോഡ് വരെയുള്ള ഭാഗങ്ങളിൽ ഒന്ന് പോലും കത്തുന്നില്ല. ഇവിടങ്ങളിലെ ലൈറ്റുകളിൽ നിന്ന് വ്യാപകമായി ബാറ്ററികൾ മോഷണം പോകുകയും ചെയ്തിരുന്നു. ഇരിട്ടി ടൗണിൽ പ്രവർത്തന രഹിതമായ മുപ്പതോളം വിളക്കുകളിൽ മുസ്ലിം പള്ളിക്ക് സമീപം സ്ഥാപിച്ച വിളക്കാണ് കഴിഞ്ഞ ദിവസം പുലർച്ചെ വാഹനം ഇടിച്ച് തകർത്തത്. ബാറ്ററി അടക്കം തകർന്നുവീണപ്പോൾ മറ്റ് വാഹനങ്ങളും യാത്രക്കാരും റോഡിലില്ലാത്തതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
റോഡിൽ തകർന്നു വീണ വിളക്ക് പിന്നീട് തൊഴിലാളികൾ ഡിവൈഡറിന് മുകളിൽ എടുത്തുവയ്ക്കുകയായിരുന്നു. വഴിവിളക്കും ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന ബോർഡും അപകടത്തിൽ തകർന്നെങ്കിലും സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് അധികൃതർ പോലീസ് സ്റ്റേഷനിൽ പരാതി പോലും നൽകിയിട്ടില്ല. തലശേരി മുതൽ വളവുപാറ വരെ ഒന്പത് കോടിയോളം ചെലവഴിച്ചാണ് തെരുവ് വിളക്കുകൾ സ്ഥാപിച്ചതെങ്കിലും അൽപായുസായിരുന്നു. സ്ഥാപിച്ച മാസങ്ങൾക്കുള്ളിൽ എല്ലാം പ്രവർത്തന രഹിതമായതോടെ ഇതുമായി ബന്ധപ്പെട്ട് വലിയ അഴിമതി ആരോപണവും ഉയർന്നിട്ടുണ്ട്. സ്ഥാപിച്ച് ആറുമാസത്തിനകം തന്നെ എല്ലാ വിളക്കുകളും കണ്ണടച്ചിട്ടും കെഎസ്ടിപിയും പൊതുമരാമത്ത് വകുപ്പ് നടപടികൾ സ്വീകരിച്ചില്ലെന്നത് അഴിമതി നടന്നിട്ടുണ്ടെന്നതിന് ബലമേകുന്നുണ്ട്.
ബാറ്ററികൾ പലതും
കാണാനില്ല
ഒരുലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച വിളക്കുകളിൽ പലതിന്റെയും ബാറ്ററികൾ കാണാനില്ല. എത്ര ബാറ്ററികൾ അഴിച്ചു വച്ചെന്നോ, ഏതൊക്കെ സർവീസ് നടത്തിയെന്നോ പുനഃസ്ഥാപിച്ചെന്നോ എന്നിവയ്ക്ക് കെഎസ്ടിപിയുടെ കൈയിൽ കൃത്യമായ കണക്കുകളില്ല. ബാറ്ററികളിൽ പലതും മോഷണം പോയതായാണ് വിവരം. തുരുമ്പെടുത്ത് യാത്രക്കാരുടെ തലയ്ക്ക് മുകളിൽ ഏത് നിമിഷവും തകർന്നു വീഴാറായ നിലയിലുള്ള ബാറ്ററികളുമുണ്ടായിരുന്നു.
നിരന്തരമായ പരാതിയെ തുടർന്ന് ഇവ അഴിച്ചു വച്ചെങ്കിലും ഇതിന്റെ സ്റ്റാൻഡ് ഉൾപ്പടെയുള്ളവ തകർന്നു വീണേക്കാമെന്ന രീതിയിലാണ്. ആറുമാസം പോലം തികയും മുമ്പ് വിളക്കുകൾ എല്ലാം മിഴിയടച്ചിട്ടം കെഎസ്ടിപിയും പൊതുമരാമത്ത് വകുപ്പും ഒരു നടപടികളും സ്വീകരിച്ചിട്ടില്ല . നഗരത്തിലെ വിളക്കുകൾ നഗരസഭയ്ക്ക് വിട്ടുതരാൻ ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെട്ടിട്ട് മാസങ്ങളായെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായിട്ടുമില്ല.
ഉടമസ്ഥനില്ലാത്ത
വഴിവിളക്കുകൾ
അന്തർ സംസ്ഥാന പാതയിലെ റോഡിന്റെയും പാലങ്ങളുടേയും നവീകരണം പൂർത്തിയാക്കി കെഎസ്ടിപി റോഡും പാലങ്ങളും പൊതുമരാമത്ത് വകുപ്പിന് വിട്ടുകൊടുത്തെങ്കിലും വഴിവിളക്കുകളുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. വിളക്കുകളുടെ പരിപാലനം അതത് മേഖലകളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഏല്പിക്കാനായിരുന്നു നീക്കം. എന്നാൽ, പ്രകാശിക്കാത്ത വിളക്കുകൾ ഏറ്റെടുത്ത് ഭാവിയിൽ ഉണ്ടാകുന്ന ബാധ്യത ഏറ്റെടുക്കാൻ തദ്ദേശ സ്ഥാപനങ്ങളും ഒരുക്കമായിരുന്നില്ല. ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ കെഎസ്ടി പിക്കും ഇതവരെ കഴിഞ്ഞിട്ടില്ല. ഫലത്തിൽ കോടികൾ തുലച്ച പദ്ധതിക്ക് ഇപ്പോൾ നാഥനില്ലാത അവസ്ഥയാണ്.