വേനൽച്ചൂടിൽ കരിഞ്ഞുണങ്ങി വാഴത്തോട്ടങ്ങൾ
1415667
Thursday, April 11, 2024 1:54 AM IST
ഉളിക്കൽ: ചുട്ടുപൊള്ളുന്ന ചൂടും തെരഞ്ഞെടുപ്പ് ചൂടും മലയോരത്ത് കൊടുമ്പിരികൊള്ളുമ്പോൾ ഇവയെക്കാളേറെ ചുട്ടുപൊള്ളുന്ന മനസുമായാണ് മലയോരത്തെ നേന്ത്രവാഴ കർഷകർ. ചുട്ടുപൊള്ളുന്ന വേൽച്ചൂടിനെ അതിജീവിക്കാനാകാതെ തങ്ങൾ വളർത്തി വലുതാക്കിയെടുത്ത വാഴകൾ ഒടിഞ്ഞു വീഴുന്നതും വാടിയുണങ്ങന്നതും നിസഹയാതയോടെ നോക്കി നിൽക്കേണ്ടി വരികയാണ് കർഷകർ. വായ്പയെടുത്തും മറ്റുമായി സ്വരൂപിച്ച ലക്ഷങ്ങൾ മുതൽ മുടക്കി ആരംഭിച്ച കൃഷിയാണ് എങ്ങുമെത്താതെ നശിക്കുന്നത്. കൂനംമാക്കൽ തോമസും മറ്റ് രണ്ടുപേരും ചേർന്ന് സമീപത്തെ ജയിംസ് മുളങ്കോത്രിയുടെ പാട്ടത്തിന് എടുത്ത നാല് ഏക്കർ സ്ഥലത്തെ ഒന്നര ഏക്കറിൽ അധികം വരുന്ന സ്ഥലത്തെ നേന്ത്ര വാഴകളാണ് കാലാവസ്ഥ വ്യതിയാനത്തിൽ നശിച്ചത്.
ഓണം സീസൺ ലക്ഷ്യം
വച്ച വാഴകൾ
നാലുമാസത്തിൽ
കുലച്ചു തുടങ്ങി
ഓണം സീസൺ ലക്ഷ്യമിട്ട് കർഷകർ ആരംഭിച്ച വാഴ കൃഷി കാലാവസ്ഥയിൽ വന്ന വ്യതിയാനം പ്രതിസന്ധിയിലാക്കിയത്. ഉളിക്കൽ പഞ്ചായത്തിലെ വയത്തൂരിലാണ് വ്യാപകമായി വാഴകൾ കരിഞ്ഞ് ഉണങ്ങുന്നത്. തോമസും മറ്റു കർഷകരും പാട്ടത്തിനെടുത്ത നാല് ഏക്കറിൽ കപ്പ കൃഷി ചെയ്തതിന്റെ ബാക്കിവരുന്ന ഒന്നര ഏക്കർ സ്ഥലത്ത് ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത 1000 ഓളം വാഴകളിൽ 450 വാഴകൾ നാലു മാസമാകുന്പോഴേക്കും കുലച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഏഴാം മാസം കുലച്ച് ഒൻപതാം മാസം വിളവെടുക്കേണ്ട കുള്ളൻ വാഴകളാണ് കാലം തെറ്റി നേരത്തെ കുലച്ചിരിക്കുന്നത്. വളർച്ച എത്താതെ കുലച്ചതോടെ കുലകൾ വേണ്ടത്ര തൂക്കവും വലുപ്പവും ഗുണവുമില്ല. നിലവിലെ സാഹചര്യത്തിൽ ഒരു നേത്രക്കുല മൂപ്പെത്തി ലഭിച്ചാൽ മൂന്ന് കിലോക്ക് മുകളിൽ തൂക്കം ലഭിക്കില്ലെന്ന് കർഷകർ പറയുന്നു. ലക്ഷങ്ങൾ മുതൽ മുടക്കി കൃഷി ഇറക്കിയ കർഷകർക്ക് മുതൽ മുടക്ക് പോലും തിരിച്ചു കിട്ടാത്ത അവസ്ഥയാണ്.
വാഴകൾ ഒടിഞ്ഞു
വീഴുന്നു
തോട്ടത്തിൽ കുല വന്നു തുടങ്ങിയതും അല്ലാത്തതുമായ വാഴകൾ ദിനം പ്രതി ഒടിഞ്ഞു വീഴുകയാണ്. 150 ഓളം വാഴകളാണ് ഒടിഞ്ഞുവീണ് കരിഞ്ഞു പോകുന്നത്. ചൂട് കൂടിയതോടെ ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചു കൊടുക്കുന്നുണ്ടെങ്കിലും വേനൽച്ചൂടിനെ മറികടക്കാനാകുന്നില്ല. മുളയോ മറ്റ് മരത്തടികളോ ഉപയോഗിച്ച് താങ്ങ് നൽകിയെങ്കിലും വാഴകളെ രക്ഷിക്കാനാകുമെന്ന വിശ്വാസത്തിൽ ഇതിനൊരുങ്ങുകയാണ് കർഷകർ. ഒരു വാഴയ്ക്ക് താങ്ങ് നൽകുന്നതിന് 150 രൂപയോളം ചെലവാകുമെങ്കിലും അവസാന പരീക്ഷണമെന്ന നിലയ്ക്കാണ് ഇതുകൂടി പ്രയോഗിച്ചു നോക്കുന്നതെന്ന് കർഷകർ പറഞ്ഞു.
സംരക്ഷണം വേണം
കൃഷി വകുപ്പും പഞ്ചായത്തും കർഷകനെ സംരക്ഷിക്കാൻ നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും കൃത്യമായി നടപ്പിലാക്കുന്നതിൽ പരാജയപ്പെടുകയാണ്. കൃഷി നാശം സംഭവിച്ചാൽ ലഭിക്കുന്ന നഷ്ടപരിഹാരം ഉൾപ്പെടെയുള്ള ലഭിക്കുന്നതിന് കാലതാമസവും നേരിടുന്നു. ഇതു കാരണം തന്നെ ഒരിക്കൽ കൃഷി നശിച്ച കർഷകന് വീണ്ടും കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയക്കൊപ്പം കടബാധ്യതയും ഉണ്ടാകുന്നുണ്ട്.
വിളൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടെങ്കിലും പലപ്പോഴും ഇത്തരം തുകകൾ കൃഷഇക്കായി വായ്പയെടുത്ത ബാങ്ക് ലോൺ അടയ്ക്കാൻ പോലും തികയില്ല.