‘കേസ് നടത്താനും വാടകവീട് മോടിപിടിപ്പിക്കാനും സർവകലാശാല ഫണ്ട് ’
1396458
Thursday, February 29, 2024 8:06 AM IST
കണ്ണൂർ: കണ്ണൂർ സർവകലാശാല മുൻ വിസി പ്രഫ. ഗോപിനാഥ് രവീന്ദ്രൻ കേസ് നടത്താനും വീട് മോടിപിടിപ്പിക്കാനും സർവകലാശാല ഫണ്ട് ഉപയോഗിച്ചെന്ന് കെഎസ് യു. പുനർനിയമനത്തിന് ശേഷം 20,55,000 രൂപ സർവകലാശാല ഫണ്ടിൽനിന്നും കേസ് നടത്താനായി വിനിയോഗിച്ചു. ഇതേ കാലയളവിൽ ശമ്പളമായി 59,69,805 രൂപയും യാത്രാ ചെലവുകൾക്കായി 33,080 രൂപയും കൈപ്പറ്റിയതായി കെഎസ്യു ആരോപിച്ചു. ഇതു സംബന്ധിച്ച വിവരാവകാശ രേഖകളും കെഎസ്യു പുറത്തുവിട്ടു.
ചട്ടം ലംഘിച്ചും വഴിവിട്ടുള്ളതുമാണെന്ന് കണ്ടെത്തി സുപ്രീംകോടതി നേരത്തെ പ്രഫ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയിരുന്നു. പുനർനിയമനം റദ്ദാക്കിയ പശ്ചാത്തലത്തിൽ വിസി ചെലവഴിച്ച മുഴുവൻ തുകയും തിരിച്ചുപിടിക്കണമെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പുനർനിയമന കാലയളവിൽ അദ്ദേഹത്തിന് വീട്ടുവാടക ഇനത്തിൽ മാത്രം നല്കിയത്15, 87,398 രൂപയാണ്. വീടിന്റെ അറ്റകുറ്റപ്പണി കെട്ടിട ഉടമയുടെ ബാധ്യതയാണെന്നിരിക്കെ ഇതിനായി ചട്ടവിരുദ്ധമായി 70,111 രൂപയും നല്കി. കൂടാതെ വാടക വീട്ടിൽ ഉപകരണങ്ങൾ വാങ്ങിക്കുന്നതിനായി 11,80,063 രൂപയും അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ കോടിക്കണക്കിന് രൂപയാണ് മാനദണ്ഡങ്ങൾ പാലിക്കാതെ വിസി കൈക്കലാക്കിയതെന്നാണ് കെഎസ്യുവിന്റെ ആരോപണം.
കണ്ണൂർ സർവകലാശാലയിൽ നടക്കുന്നത് കൂട്ടുകച്ചവടമാണ്. മുൻ വിസി മാത്രമല്ല, ഇടതുപക്ഷ സിൻഡിക്കേറ്റ് അടക്കം വലിയ കോക്കസ് തന്നെ ഇതേ തരത്തിലാണ് പ്രവർത്തിക്കുന്നത്. പാവപ്പെട്ട വിദ്യാർഥികളിൽനിന്ന് ഫീസിനത്തിലും മറ്റും പിരിച്ചെടുത്ത തുകയാണ് സർവകലാശാല ആഡംബരത്തിനും ധൂർത്തിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമായി ചെലവഴിച്ചത്.
പ്രഫ. ഗോപിനാഥ് രവീന്ദ്രൻ അനധികൃതമായി കൈപ്പറ്റിയ മുഴുവൻ തുകയും തിരിച്ചുപിടിക്കുന്നതിന് ആവശ്യമായ നടപടി സർക്കാർ തലത്തിൽ സ്വീകരിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ണൂർ സർവകലാശാല വിസിക്കും, ചാൻസലറായ ഗവർണർക്കും കെഎസ്യു പരാതി നല്കും. കൂടാതെ നിയമനടപടികളുമായും മുന്നോട്ടു പോകുമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
സ്വന്തം ലേഖകൻ