പട്ടികജാതി പട്ടികവർഗ ജില്ലാതല മോണിറ്ററിംഗ് യോഗം ചേർന്നു
1534450
Wednesday, March 19, 2025 5:45 AM IST
കൽപ്പറ്റ: ജില്ലയിൽ വർധിച്ചു വരുന്ന ലഹരി ഉപയാഗങ്ങളെ നിയന്ത്രിക്കാൻ ബോധവത്കരണ പ്രവർത്തനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും ത്വരിതപെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നതായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി. പരീക്ഷകാലം ആയതിനാൽ ജില്ലയിലെ പട്ടിക ജാതി-പട്ടിക വർഗ വിദ്യാർഥികൾ പരീക്ഷകളിൽ കൃത്യമായി പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
ജില്ലയിൽ പട്ടികജാതിക്കാരുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന പദ്ധതികൾക്കായി ഡയറക്ടറേറ്റിൽ നിന്നും ലഭ്യമാകുന്ന ഫണ്ടുകൾ അതത് സാന്പത്തിക വർഷം തന്നെ പ്രയോജനപ്പെടുന്ന രീതിയിൽ വിനിയോഗിക്കണം.
പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് പ്ലസ് ടു മുതൽ ഉയർന്ന വിദ്യാഭ്യാസത്തിന് ചേരുന്ന വിദ്യാർഥികൾക്ക് പ്രാരംഭ വിദ്യാഭ്യാസ ചെലവ് അനുവദിക്കുന്നുണ്ട്. ജില്ലയിലെ അധ്യാപക പരിശീലന കേന്ദ്രം മുഖേന വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന മെന്റർമാർക്കും അധ്യാപകർക്കും പരിശീലനം നൽകി കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാനുള്ള നടപടി വകുപ്പ് സ്വീകരിച്ചു വരുന്നുണ്ടെന്നും അറിയിച്ചു.
വിദ്യാർഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ലഭ്യമാക്കുന്ന ആനുകൂല്യങ്ങൾ എല്ലാ വിദ്യാർഥികളിലേക്കും കൃത്യമായി എത്തിക്കാൻ വിദ്യാർഥികൾക്ക് ബാങ്ക് അക്കൗണ്ട് ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്. ട്രൈബൽ പ്രമോട്ടർമാരുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ബത്തേരി പട്ടികവർഗ വികസന ഓഫീസിൽ പരിശീലനം നൽകുന്നുണ്ടെന്നും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറുടെ കീഴിൽ എല്ലാ ആഴ്ചകളിലും റിവ്യു മീറ്റുകൾ നടത്താറുണ്ടെന്നും യോഗത്തിൽ അറിയിച്ചു.
മോണിറ്ററിംഗ് കമ്മിറ്റി യോഗം മുഖേന നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. ജലക്ഷാമം രൂക്ഷമായ ആദിവാസി ഊരുകളിൽ അത്പരിഹരിക്കാൻ ആവശ്യമായ പദ്ധതികൾ രൂപപ്പെടുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ ചർച്ച ചെയ്തു.
എഡിഎം കെ. ദേവകി, മാനന്തവാടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ ബി.സി. അയ്യപ്പൻ, ജില്ലാ സാമൂഹ്യ സുരക്ഷ ഓഫീസർ കെ.ജെ. ജോണ് ജോഷി, ഡിവൈഎസ്പി ഹിദായത്തുള്ള മാന്പ്ര, ഐടിഡിപി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ എൻ.ജി. റെജി, ബത്തേരി അസിസ്റ്റന്റ് ട്രൈബൽ ഓഫീസർ ആർ. സിന്ധു, വയനാട് ഡിഎസ്ഒ ടി.ജെ. ജയദേവ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, എസ്ഇ/ എസ്സി ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.