എൽസ്റ്റൻ എസ്റ്റേറ്റ് തൊഴിലാളികളുടെ ആനുകൂല്യം : സർക്കാരിനെ സമ്മർദത്തിലാക്കാൻ കളക്ടറേറ്റ് പടിക്കൽ സത്യഗ്രഹം 22ന്
1534442
Wednesday, March 19, 2025 5:45 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന എൽസ്റ്റൻ എസ്റ്റേറ്റ് പുൽപ്പാറ ഡിവിഷനിൽ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി 27ന് തറക്കല്ലിടാനിരിക്കേ തൊഴിലാളികളുടെ ആനുകൂല്യങ്ങൾക്കും തൊഴിൽ സുരക്ഷയ്ക്കും സംയുക്ത ട്രേഡ് യൂണിയൻ പിടിമുറുക്കുന്നു. ദുരന്തബാധിതർക്കുള്ള ഭവന പദ്ധതിയുടെ ശിലാസ്ഥാപനത്തിനു തടസം നിൽക്കില്ലെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കാതെയും തൊഴിൽ സുരക്ഷയിൽ വ്യക്തത വരുത്താതെയും തൊഴിലാളികൾ പുൽപ്പാറ ഡിവിഷനിൽനിന്നു മാറില്ല.
സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ പി.പി. ആലി, പി. ഗഗാറിൻ, ബി. സുരേഷ്ബാബു, എൻ.ഒ. ദേവസി, എൻ. വേണുഗോപാൽ, സി.എച്ച്. മമ്മി, യു. കരുണൻ, കെ.ടി. ബാലകൃഷ്ണൻ, കെ. സെയ്തലവി എന്നിവർ വാർത്താമ്മേളനത്തിൽ അറിയിച്ചതാണ് വിവരം. ടൗണ്‍ഷിപ്പ് ശിലാസ്ഥാപനത്തിനു മുന്‍പ് തൊഴിലാളി പ്രശ്നം തീർപ്പാക്കുന്നതിന് സർക്കാരിലും തൊഴിൽ വകുപ്പിലും എസ്റ്റേറ്റ് മാനേജ്മെന്റിലും സമ്മർദം ചെലുത്തുന്നതിന് ശക്തമായ പ്രക്ഷോഭം തീരുമാനിച്ചതായി അവർ പറഞ്ഞു.
മൂന്ന് ഡിവിഷനുകളാണ് എൽസ്റ്റൻ എസ്റ്റേറ്റിന്. ഇതിൽ തേയില ഫാക്ടറിയുള്ളതാണ് ടൗണ്‍ഷിപ്പിന് പൂർണമായും ഏറ്റെടുക്കുന്ന പുൽപ്പാറ ഡിവിഷൻ. മൂന്നു ഡിവിഷനുകളിലുമായി വിരമിച്ചവരടക്കം 300 ഓളം തൊഴിലാളികൾക്ക് ഏകദേശം 11 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് മാനേജ്മെന്റ് നൽകാനുള്ളത്. ടൗണ്‍ഷിപ്പിന് ഏറ്റെടുക്കുന്ന ഡിവിഷനിലേതടക്കം തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ട് ഉറപ്പുകൾ തൊഴിൽ വകുപ്പോ മാനേജ്മെന്റോ നൽകിയിട്ടില്ല. തേയില ഫാക്ടറി ഉൾപ്പെടുന്ന ഡിവിഷൻ ഏറ്റെടുക്കുന്നത് മറ്റു ഡിവിഷനുകളുടെ പ്രവർത്തനം നിലയ്ക്കുന്നതിന് സാധ്യത സൃഷ്ടിക്കുകയുമാണ്.
എൽസ്റ്റൻ എസ്റ്റേറ്റ് മാനേജ്മെന്റ് തൊഴിലാളികളിൽനിന്നു പിടിച്ച പ്രൊവിഡന്റ് ഫണ്ട് വിഹിതം 2014 മുതൽ അക്കൗണ്ടിൽ അടച്ചിട്ടില്ല. തോട്ടം ഉടമ അടയ്ക്കേണ്ട വിഹിതവും അക്കൗണ്ടിൽ എത്തിയില്ല. വിരമിച്ച 150 ഓളം തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി ലഭിക്കാനുണ്ട്. ഒരു വർഷത്തെ ലീവ് വിത്ത് വേജസ്, രണ്ടു വർഷത്തെ ബോണസ്, ഏഴ് വർഷത്തെ മെഡിക്കൽ ആനുകൂല്യം, ഇത്രയും കാലത്തെ വെതർ പ്രൊട്ടക്ടീവ് ആനുകൂല്യം, രണ്ടു ഘട്ടങ്ങളിലായി കൂലി പുതുക്കിയപ്പോഴത്തെ കുടിശിക എന്നിവയും കിട്ടാനുണ്ട്.
ടൗണ്‍ഷിപ്പിന് എൽസ്റ്റൻ എസ്റ്റേറ്റ് ഭൂമിയുടെ ഭാഗം ഏറ്റെടുക്കാൻ സർക്കാർ ആലോചന തുടങ്ങിയ ഘട്ടത്തിൽത്തന്നെ തൊഴിലാളി പ്രശ്നം ചൂണ്ടിക്കാട്ടി വിവിധ ട്രേഡ് യൂണിയനുകൾ രേഖാമൂലം തൊഴിൽ മന്ത്രി, ലേബർ കമ്മീഷണർ, ജില്ലാ കളക്ടർ, ജില്ലാ ലേബർ ഓഫീസർ എന്നിവർക്ക് കത്ത് നൽകിയതാണ്. എന്നാൽ, ഉത്തരവാദപ്പെട്ടവരിൽ ആരും തൊഴിലാളികളുടെയും ട്രേഡ് യൂണിയൻ നേതാക്കളുടെയും യോഗം വിളിച്ച് പ്രശ്നം ചർച്ച ചെയ്യാനും പരിഹരിക്കാനും തയാറായില്ല. തൊഴിൽ മന്ത്രി നിർദേശിച്ചിട്ടും ലേബർ ഓഫീസർ യോഗം വിളിച്ചില്ല.
എൽസ്റ്റൻ എസ്റ്റേറ്റിൽ 2005ലെ ദുരന്ത നിവാരണ നിയമപ്രകാരം സർക്കാർ ഏറ്റെടുക്കുന്ന ഭൂമിക്ക് 2013ലെ എൽഎആർആർ നിയമപ്രകാരം നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഏറ്റെടുക്കുന്ന ഭൂമിക്ക് സർക്കാർ നഷ്ടപരിഹാരം ലഭ്യമാക്കുന്ന മുറയ്ക്ക് തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകാമെന്നാണ് എസ്റ്റേറ്റ് മാനേജ്മെന്റ് പറയുന്നത്.
ഇക്കാര്യം അറിയിച്ചും തോട്ടത്തിൽനിന്നു ഒഴിഞ്ഞുപോകണമെന്ന് നിർദേശിച്ചും മാനേജ്മെന്റ് ഏതാനും തൊഴിലാളി കുടുംബങ്ങൾക്ക് നോട്ടീസ് നൽകുകയുമുണ്ടായി. എന്നാൽ, ആനുകൂല്യങ്ങൾ ലഭിച്ചശേഷമേ തോട്ടം വിടൂ എന്ന നിലപാടിലാണ് തൊഴിലാളികൾ. കിട്ടാനുള്ളത് വാങ്ങാതെ പോകുന്നത് ദുരനുഭവങ്ങൾക്ക് കാരണമാകുമെന്ന് അവർ ഭയക്കുന്നു.
ഉരുൾ ദുരന്ത ബാധിതർക്കായി എൽസ്റ്റൻ എസ്റ്റേറ്റിൽ ഭവന പദ്ധതി നടപ്പാക്കുന്പോൾ 300 ഓളം തൊഴിലാളി കുടുംബങ്ങൾ വഴിയാധാരമാകുന്ന സാഹചര്യം അനുവദിക്കില്ലെന്നു സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു. ആനുകൂല്യം, തൊഴിൽ സുരക്ഷ എന്നീ വിഷയങ്ങളിൽ മുഖ്യമന്ത്രിയിൽനിന്നു രേഖാമൂലം ഉറപ്പുലഭിച്ചാൽ തൊഴിലാളികൾ ഒഴിഞ്ഞുപോകാൻ തയാറാണെന്ന് അവർ വ്യക്തമാക്കി.
പ്രശ്നപരിഹാരം ആവശ്യപ്പെട്ട് എൽസ്റ്റൻ എസ്റ്റേറ്റിലെ മുഴുവൻ തൊഴിലാളികളെയും അണിനിരത്തി 22ന് കളക്ടറേറ്റ് പടിക്കൽ സത്യഗ്രഹം സംഘടിപ്പിക്കും. ഇത് ഫലം ചെയ്യുന്നില്ലെങ്കിൽ കളക്ടറേറ്റ് ഉപരോധം ഉൾപ്പെടെ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.