നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതി: ജില്ലാതല യോഗം ചേർന്നു
1534208
Tuesday, March 18, 2025 7:25 AM IST
കൽപ്പറ്റ: ലഹരിമുക്ത സമൂഹത്തെ കെട്ടിപ്പടുക്കാൻ സാമൂഹിക നീതി വകുപ്പും കേന്ദ്ര സർക്കാറും സംയുക്തമായി നടത്തുന്ന നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ജില്ലാതല യോഗം ചേർന്നു. ജില്ലയിൽ ലഹരിമുക്ത പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ചെയർപേഴ്സണായി ജില്ലാതലകമ്മിറ്റി രൂപീകരിക്കുകയും ജില്ലയിലെ വിവധ ഭാഗങ്ങളിൽ നിന്നും 50 മാസ്റ്റർ വോളണ്ടിയർമാരെ തെരഞ്ഞെടുക്കുകയും ചെയ്തു. ലഹരിമുക്ത ഭാരതത്തിനായി സാമൂഹികനീതി വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന പരിപാടികൾ യോഗത്തിൽ ചർച്ച ചെയ്തു.
ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, ഐസിഡിഎസ്, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ തുടങ്ങി വിവിധ മേഖലയിലെ ആളുകളെ പങ്കെടുപ്പിച്ച് പരിശീലന പരിപാടികൾ നടത്തും.
കമ്മ്യൂണിറ്റി മറ്റൊലിയുടെ സഹകകരണത്തോടെ ഹയർസെക്കൻഡറി, കോളജ് വിദ്യാർഥികളുടെ ഫ്ളാഷ് മോബ്, തെരുവ് നാടകം എന്നിവ സംഘടിപ്പിക്കും പോലീസ്, എക്സൈസ്, വിദ്യാഭ്യാസം, ആരോഗ്യം, പട്ടികവർഗ്ഗം, വനിതാ വികസനം, ലീഗൽ സർവീസസ് അതോറിറ്റി, തദ്ദേശ സ്വയംഭരണം, എൻജിഒ എന്നിവയുടെ സഹകരണത്തോടെ പരിപാടികൾ സംഘടിപ്പിക്കും.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ സബ് കളക്ടർ മിസാൽ സാഗർ ഭരതിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാമൂഹിക നീതി ഓഫീസർ കെ.ജെ. ജോണ്‍ ജോഷി, ജൂണിയർ സൂപ്രണ്ടന്റ് ജി. ബിനീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ഫാദർ ഡേവിഡ് എന്നിവർ പങ്കെടുത്തു.