സിപിഎമ്മിന്റെ നേതൃത്വത്തിൽ ലക്ഷങ്ങളുടെ അഴിമതി: യൂത്ത് കോണ്ഗ്രസ്
1534217
Tuesday, March 18, 2025 7:25 AM IST
മാനന്തവാടി: സിപിഐ എമ്മിന്റെ കീഴിലുള്ളതും മുൻ ഏരിയ സെക്രട്ടറിയും നിലവിലെ ഏരിയ കമ്മിറ്റി അംഗവുമായ വ്യക്തി പ്രസിഡന്റായിരിക്കുന്ന മാനന്തവാടി അർബൻ സൊസൈറ്റിയിൽ ഭൂമി വാങ്ങിയ വകയിൽ ലക്ഷങ്ങളുടെ അഴിമതി നടന്നതായി യൂത്ത് കോണ്ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. 2022 ൽ മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വിലയ്ക്കാണ് ഭൂമി വാങ്ങിയത്.
നിയമ പ്രകാരം സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെയും പത്രത്തിൽ പരസ്യം നൽകാതെയും ഭരണസമതിയുടെ തീരുമാനം ഇല്ലാതെയും പ്രസിഡന്റും സെക്രട്ടറിയും മുൻകൈ എടുത്താണ് ഭൂമി വാങ്ങിയതെന്നും ഏതാണ്ട് ഒന്നരക്കോടിയുടെ ഇടപാടിലൂടെ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും യൂത്ത് കോണ്ഗ്രസ് ആരോപിച്ചു.
വർഷം മൂന്ന് കഴിഞ്ഞിട്ടും ഭൂമി ഇതുവരെ ക്രമപ്പെടുത്താൻ സാധിച്ചിട്ടില്ല. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 2022-23 വർഷത്തിൽ തന്നെ ഭൂമിയിടപാടിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.
എന്നാൽ സിപിഎമ്മിന്റെ ജില്ലാ-ഏരിയാ കമ്മിറ്റികളും ഉന്നത നേതാക്കളും സ്ഥലം എംഎൽഎ യായ സംസ്ഥാന പട്ടികവർഗ-പട്ടിക ജാതി-പിന്നാക്കക്ഷേമ മന്ത്രിയും വിഷയം ഒതുക്കി തീർക്കാനും ഈ ഇടപാടിന് സഹകരണ വകുപ്പിന്റെ അംഗീകാരം കിട്ടാനും ഓഡിറ്റ് റിപ്പോർട്ട് തിരുത്താനും പല രീതിയിലുള്ള സമ്മർദ്ധങ്ങളും എആർ അടക്കമുള്ള ഉദ്യോഗസ്ഥതലത്തിൽ ഇപ്പോഴും നടത്തി കൊണ്ടിരിക്കുകയാണ്.
സൊസൈറ്റിയിലെ അംഗങ്ങളുടെ നിക്ഷേപത്തുക ഉപയോഗിച്ച് വസ്തു വാങ്ങുന്പോൾ പാലിക്കേണ്ട ഒരു മാനദണ്ഡവും പാലിക്കാതെ ലക്ഷങ്ങളുടെ അഴിമതിക്ക് കൂട്ടുനിന്ന പ്രസിഡന്റിനേയും സെക്രട്ടറിയേയും തൽസ്ഥാനത്ത് നിന്ന് മാറ്റിനിർത്തി വകുപ്പ്തലത്തിൽ സമഗ്രമായ അന്വേഷണം നടത്തി അഴിമതി പുറത്ത് കൊണ്ടുവരികയും കുറ്റക്കാർക്കെതിരേ നടപടിയെടുക്കുകയും വേണം. അല്ലാത്തപക്ഷം ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട് അധ്യക്ഷത വഹിച്ചു. ജിബിൻ മാന്പള്ളി, അനീഷ് ജേക്കബ്, ഷംസീർ അരണപ്പാറ, പ്രിയേഷ് തോമസ്, ഷക്കീർ പുനത്തിൽ, ജിജോ വരയാൽ തുടങ്ങിയവർ പ്രസംഗിച്ചു.