ദേശീയ മീറ്റിൽ പങ്കെടുക്കാനൊരുങ്ങി താരങ്ങൾ
1534213
Tuesday, March 18, 2025 7:25 AM IST
മാനന്തവാടി: ദേശീയ സീനിയർ അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാനൊരുങ്ങി ജില്ലയിൽ നിന്നും ഒരു പറ്റം കായിക താരങ്ങൾ. മത്സരത്തിന്റെ തയാറെടുപ്പുകൾ ഉൾപ്പടെയുള്ള കാര്യങ്ങൾക്കായി 15 അംഗ കമ്മിറ്റിക്കും ഇവർ രൂപംനൽകി.
അറുപത് വയസ് കഴിഞ്ഞവർക്ക് ആരോഗ്യകരമായ വാർധക്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സംസ്ഥാന സീനിയർ സിറ്റിസണ്‍ അത്റ്റിക് മീറ്റിലെ വിജയികളാണ് കഴിഞ്ഞ ദിവസം പഴശിപാർക്കിൽ ഒത്തു ചേർന്നത്. എറണാകുളത്ത് നടന്ന സീനിയർ അത്ലറ്റിക് മീറ്റിൽ ജില്ലയ്ക്ക് മികച്ച വിജയം സമ്മാനിച്ചവരാണിവർ.
അറുപതുകളിലും എഴുപതുകളിലുമെത്തിയിട്ടും കായികമേഖലയോടുള്ള താത്പര്യമാണ് ഇവരെ ഒരുമിപ്പിച്ചത്. ഓട്ടം, ചാട്ടം, മാരത്തോണ്‍, ഷോട്ട്പുട്ട് തുടങ്ങിയ ഇനങ്ങളിലാണ് ഇവർ വിജയികളായത്. കഴിഞ്ഞ വർഷവും ദേശീയ സീനിയർ സിറ്റിസണ്‍ അത്ലറ്റിക് മീറ്റിൽ പങ്കെടുത്ത് ജേതാക്കളായവരും ഇതിലുണ്ട്. ഒരേ മനസോടെ സീനിയർ അത്ലറ്റിക് മീറ്റിൽ വിജയം കൊയ്യാനുള്ള തയാറെടുപ്പിലാണിവർ. എ.സി. ബേബി (പ്രസിഡന്റ്), എം.എഫ്. ഫ്രാൻസിസ് (സെക്രട്ടറി), വി.ആർ. വനജ (വൈസ് പ്രസിഡന്റ്), ദീപ കുറ്റിമൂല (ട്രഷറർ), എ.കെ. ഗോവിന്ദൻ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.