മെഡി. കോളജിൽ സായാഹ്ന ഒപി പ്രവർത്തനം: നടപടി സ്വീകരിക്കാതെ അധികൃതർ
1534212
Tuesday, March 18, 2025 7:25 AM IST
മാനന്തവാടി: മെഡിക്കൽ കോളജിൽ സായാഹ്ന ഒപി പ്രവർത്തനം നിലച്ചിട്ട് പത്ത് ദിവസമായിട്ടും അധികൃതർ പരിഹാരം കാണുന്നില്ല. ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന കാരണത്താലാണ് വർഷങ്ങളായി പ്രവർത്തിച്ചുവന്ന സായാഹ്ന ഒപി 10 ദിവസം മുന്പ് നിർത്തലാക്കിയത്. ഇതോടെ ഒട്ടേറെ രോഗികളാണ് പ്രതിസന്ധിയിലായത്.
തൊഴിലാളികളുൾപ്പെടെ ഒട്ടേറെ ആളുകളുടെ ആശ്രയറ്റായിരുന്നു സായ്ഹ്ന ഒപി ഉച്ചക്ക് രണ്ട് മുതൽ വൈകുന്നേരം 7.30 വരെയാണ് സായാഹ്ന ഒപി പ്രവർത്തിച്ചിരുന്നത്. സായാഹ്ന ഒപിയിൽ എത്തുന്നരോഗികൾ ഇപ്പോൾ ആശ്രയിക്കുന്നത് അത്യാഹിത വിഭാഗത്തെയാണ്. എന്നാൽ ഇവിടെ ആകെയുള്ളത് രണ്ട് ജൂണിയർ ഡോക്ടർമാർ മാത്രമാണ്. ഇക്കാരണത്താൽ അത്യാഹിത വിഭാഗത്തിലും ഒപിയിലും എത്തുന്ന രോഗികൾക്ക് മതിയായ ചികിത്സലഭിക്കുന്നില്ലെന്നാണ് പരാതി.
ജില്ലാ ആശുപത്രി വിഭാഗവും മെഡിക്കൽ കോളജ് വിഭാഗവും തമ്മിലുള്ള മത്സരമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോപണമുണ്ട്. ഒപി പ്രവർത്തനം പതിവുപോലെ ആരംഭിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ വ്യക്തമാക്കി.