ആശാവർക്കർമാരുടെ പ്രശ്നങ്ങളിൽ അടിയന്തരനടപടി വേണം: പി.പി. ആലി
1534209
Tuesday, March 18, 2025 7:25 AM IST
കൽപ്പറ്റ: ന്യായമായ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി. ആശ വർക്കർമാരുടെ പ്രവർത്തിയെ സംബന്ധിച്ച് കൃത്യമായ സർക്കുലർ ഇറക്കുക, അമിത ജോലി ഭാരംഅടിച്ചേൽപ്പിക്കാതിരിക്കുക, പെൻഷൻ നൽകുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക, സർക്കാർ സ്വീകരിക്കുന്ന പ്രതികാരനടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശ വർക്കേഴ്സ് കോണ്‍ഗ്രസ് ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിന്റെയും ധർണയുടെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൃത്യമായ ജോലിക്രമം ഇല്ലാതെ കേരളത്തിലെ ആരോഗ്യ മേഖലയെ സംരക്ഷിക്കാൻ കഠിനാധ്വാനം ചെയ്യുന്ന ആശാവർക്കർമാരുടെ ശന്പളം 21,000 രൂപയാക്കി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ, പെൻഷൻ എന്നീ ആവശ്യങ്ങൾ അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. അജിത അധ്യക്ഷത വഹിച്ചു. ബി. സുരേഷ് ബാബു, അരുണ്‍ദേവ്, ബീന വിജയൻ, പ്രസീത, ജയശ്രീ, ഡോളി, ആയിഷ പള്ളിയാൽ തുടങ്ങിയവർ പ്രസംഗിച്ചു.