വെള്ളമോ വെളിച്ചമോ ഇല്ല : നരകയാതനയുമായി ഗോത്രവർഗക്കാർ
1532249
Wednesday, March 12, 2025 5:55 AM IST
സുൽത്താൻ ബത്തേരി: സ്വന്തമായി ഭൂമിക്കുവേണ്ടി ഉണ്ടായിരുന്ന കുടിലും വിട്ടിറങ്ങിയവർ വെള്ളമോ വെളിച്ചമോ ഇല്ലാതെ നരകിക്കുന്നു. തലചായ്ക്കാനൊരിടം കിട്ടുമെന്ന പ്രതീക്ഷയിൽ ഭൂമിയ്ക്ക് വേണ്ടി സമരം ചെയ്ത് വിവിധ ഭൂസമര കേന്ദ്രങ്ങളിൽ കഴിഞ്ഞു വരുന്ന നൂറ് കണക്കിന് ഗോത്രവർഗക്കാരാണ് ദുരിതക്കയത്തിൽ അകപ്പെട്ടിരിക്കുന്നത്.
ഒന്നര പതിറ്റാണ്ട് മുന്പാണ് വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ റവന്യു, വനഭൂമികളിലായി കുടിൽ കെട്ടി താമസം ആരംഭിച്ചത്. കുറച്ചുപേർക്ക് വനാവകാശരേഖയും വീടും കിട്ടിയെങ്കിലും നൂറ് കണക്കിനാളുകൾക്ക് ഒന്നും കിട്ടിയില്ല. 15 വർഷമായി ഇവർ കടുത്ത ദുരിതത്തിലുമാണ്.
വർഷകാലത്ത് മഴയും വന്യമൃഗവും ഇവരെ വേട്ടയാടുന്പോൾ വേനലിൽ തൊണ്ട നനയ്ക്കാൻ ഒരു തുള്ളി വെള്ളംപോലും കിട്ടാത്ത അവസ്ഥയാണ്. ഇത് കൂടുതലായി അഭിമുഖികരിക്കേണ്ടി വന്നിരിക്കുന്നത് മീനങ്ങാടി കോട്ടക്കുന്നിൽ നിന്നും ചൂതുപാറ ഉന്നതിയിൽ നിന്നും മൂന്നാനക്കുഴിയിലെത്തി താമസമാക്കിയവർക്കാണ്.
13 പണിയ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളാണ് മൂന്നാനക്കുഴിയിൽ താമസിക്കുന്നത്. എല്ലാവരും ഷീറ്റ് മേഞ്ഞ ഒറ്റമുറി കുടിലിലാണ് താമസം. ഇവർ ഇന്ന് അഭിമുഖികരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കുടിവെള്ള ക്ഷാമമാണ്. മേഖലയിൽ ആകെയുള്ളത് ഒരു പഞ്ചായത്ത് കിണറാണ്. ഇവർ താമസിക്കുന്നിടത്ത് നിന്ന് ഏറെ ദൂരം പോകണം കുടിവെള്ളം ലഭിക്കാൻ. ഇതിൽ നിന്ന് വെള്ളം കോരി വേണം എടുക്കാൻ.
കൂലിവേലയ്ക്ക് പോയി കൊണ്ടിരിക്കുന്ന ഉന്നതിയിലെ ആളുകൾ കുടിവെള്ളമെടുക്കാൻ വേണ്ടി വരുന്നത് മണിക്കൂറുകളാണ്. ഇത് കാരണം പലപ്പോഴും വേലയും നഷ്ടപ്പെടുന്നു. കിണറിൽ നിന്ന് ഉന്നതിയിലേയ്ക്ക് വെള്ളം പൈപ്പ് വഴി എത്തിച്ചാൽ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും. എന്നാൽ ഇതിനുള്ള നടപടിയുണ്ടായിട്ടില്ല.
പ്രാഥമിക കാര്യങ്ങൾക്കുള്ള സൗകര്യമില്ലായ്മയും ഇവരെ അലട്ടുന്നുണ്ട്. 13 കുടുംബങ്ങളും അടുത്തടുത്താണ് താമസം. ഉന്നതിയിലെ പുരുഷൻമാർക്ക് കാട്ടിലെങ്കിലും പോയി കാര്യം സാധിക്കാം. പക്ഷേ സ്ത്രീകളും പെണ്കുട്ടികളും എന്ത് ചെയ്യുമെന്നാണ് ഉന്നതിയിലെ അമ്മമാർ ചോദിക്കുന്നത്.
വനഭൂമിയിൽ ഒരു കുടിൽ കെട്ടി താമസിക്കുന്നതല്ലാതെ വീടിന് നേരെ തൂങ്ങി നിൽക്കുന്ന ഒരു മരത്തിന്റെ കന്പ് പോലും വെട്ടി മാറ്റാനാകില്ല. ഇത് കാരണം പ്ലാസ്റ്റിക് ഷീറ്റ്കൊണ്ട് മേഞ്ഞ കുടിലിന്റെ മേൽ മരം വീണ് നശിക്കുന്നത് സ്ഥിരം സംഭവമാണ്.
കുടിലിൽ വൈദ്യുതിയില്ലാത്തതിനാൽ എല്ലാവരും മണ്ണെണ്ണ വിളക്കിന്റെയും മെഴുകുതിരിയുടേയും വെളിച്ചത്തിലാണ് രാത്രി കഴിയുന്നത്. പഠിക്കുന്ന കുട്ടികളുടെയും ആശ്രയം ഇത് തന്നെയാണ്. ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതുന്ന ഒരു വിദ്യാർഥിയും ഇവിടെയുണ്ട്. ഇവർ രാത്രികാലങ്ങളിൽ പഠനം നടത്തുന്നത് കുടിലിനുള്ളിലെ അടുപ്പ് കത്തിച്ച് അതിൽ നിന്നുള്ള വെളിച്ചത്തിലാണ്.
ഉന്നതിയിലെ ഒട്ടുമിക്കവർക്കും മൊബൈൽ ഫോണ് ഉണ്ട് ഇവർ സമീപത്തെ കടകളിലും മറ്റുമായിട്ടാണ് ഫോണ് ചാർജ് ചെയ്യുന്നത്. ഇതിന് ഒരു ചെറിയ തുകയും നൽകണം. അടിസ്ഥാന സൗകര്യങ്ങൾക്കുപോലും നെട്ടോട്ടം ഓടേണ്ട സ്ഥിതിയാണ് ഈ ഗോത്രവിഭാഗക്കാർക്ക്.