പുലിയെ കൂടുവച്ച് പിടിക്കണമെന്ന്
1531654
Monday, March 10, 2025 6:15 AM IST
വെള്ളമുണ്ട: മംഗലശേരി പുല്ലംകന്നപ്പള്ളിൽ ബെന്നിയുടെ പശുക്കിടാവിനെ ആക്രമിച്ചു കൊന്ന പുലിയെ കൂടുവച്ച് പിടിക്കണമെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആവശ്യപ്പെട്ടു.
പുലി സാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കയാണ്. മംഗലശേരിയിൽ കുറച്ചുകാലമായി പുലി ശല്യം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വനം-വന്യജീവി വകുപ്പുദ്യോഗസ്ഥർ ഇക്കാര്യം ഗൗരവത്തിലെടുക്കണം. പുലി ആക്രമണത്തിൽ മനുഷ്യർക്ക് അപായം സംഭവിക്കാനുള്ള സാഹചര്യം ഒഴിവാക്കണം.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏഴു പേരാണ് ജില്ലയിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ സ്ഥിതി ആശങ്കാജനകമാണ്.1972ലെ വന്യജീവി സംരക്ഷണ നിയമം പരിഷ്കരിക്കണം. നിയമങ്ങൾ മനുഷ്യർക്ക് വേണ്ടിയാകണമെന്നും ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗവുമായ ജുനൈദ് പറഞ്ഞു.