ലഹരിക്കെതിരേ പ്രതിജ്ഞാ കവാടമൊരുക്കി എൻഎസ്എസ്
1531655
Monday, March 10, 2025 6:15 AM IST
മുട്ടിൽ: വർധിക്കുന്ന ലഹരി ഉപയോഗത്തിനെതിരേ പ്രതിജ്ഞാകവാടമൊരുക്കി മുട്ടിൽ ഡബ്ല്യുഎംഒ കോളജ് എൻഎസ്എസ് വോളണ്ടിയർമാർ.സർഗാത്മക ലഹരി പടരട്ടെ എന്ന ശീർഷകത്തിൽ നടത്തുന്ന ഒരാഴ്ചത്തെ ബോധവത്കരണ കാന്പയിനിന്റെ ഭാഗമായാണ് പ്രതിജ്ഞാകവാടം ഒരുക്കിയത്. "കൊല്ലുന്ന ലഹരി എനിക്ക് വേണ്ടാ’ എന്ന പ്രതിജ്ഞ കോളജിലെ വിദ്യാർഥികളും അധ്യാപകരും ചൊല്ലി. കോളജ് കവാടത്തിൽ ലഹരി ഉപയോഗത്തിൻറെ വിപത്തുകൾ സൂചിപ്പിക്കുന്ന പോസ്റ്ററുകളും ബാനറുകളും പ്രദർശിപ്പിച്ചു.
കാന്പയിനിന്റെ ഭാഗമായി സന്ദേശ പ്രയാണം, ഗൃഹസന്പർക്കം, സർഗപ്രതിഷേധം, വീഡിയോ നിർമാണ മത്സരം എന്നിവ നടത്തും. എൻഎസ്എസ് കോ ഓർഡിനേറ്റർമാരായ ഡോ.എം.കെ. മുഹമ്മദ് സഈദ്, ഡോ. ശിബിന, ലീഡർമാരായ മുഹമ്മദ് സിനാൻ, ഫവാസ്, നിദ, ആയിഷ എന്നിവർ നേതൃത്വം നൽകി.