റവന്യു മന്ത്രിയും സിപിഐയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
1531648
Monday, March 10, 2025 6:15 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതരെ റവന്യു മന്ത്രിയും ജില്ലയിലെ സിപിഐ നേതാക്കളും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി കോ ചെയർമാനുമായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പ്രസ്താവനയിൽ പറഞ്ഞു.
ദുരന്തബാധിതരിൽ അർഹതയുള്ള നിരവധിയാളുകൾ പുനരധിവാസ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഇതിനു കാരണം ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയാണെന്ന കുപ്രചാരണമാണ് റവന്യു മന്ത്രിയും സിപിഐ നേതാക്കളും നടത്തുന്നത്. സർക്കാർ ഉത്തരവുകളിലെ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സബ് കളക്ടറാണ് പുനരധിവാസ പദ്ധതി ഗുണഭോക്തൃ പട്ടികകൾ തയാറാക്കുന്നത്. പട്ടികകൾ തയാറാക്കാൻ സബ് കളക്ടറെ ഉത്തരവിലൂടെ സർക്കാർ ചുമതലപ്പെടുത്തുകയാണ് ചെയ്തത്.
സബ് കളക്ടർ ഡിഡിഎംഎ അംഗമല്ല. അദ്ദേഹം ലഭ്യമാക്കുന്ന പട്ടികകൾ പരിശോധിച്ച് അംഗീകരിക്കുകയാണ് ജില്ലാ കളക്ടർ ചെയർപേഴ്സണായ ഡിഡിഎംഎ ചെയ്യുന്നത്. പുനരധിവാസവുമായി ബന്ധപ്പെട്ട ഡിഡിഎംഎ യോഗങ്ങളിൽ പട്ടികകളിലെ ന്യൂനതകൾ കോ ചെയർപേഴ്സണ് എന്ന നിലയിൽ താനും പ്രത്യേക ക്ഷണിതാക്കളായ മേപ്പാടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ചൂണ്ടിക്കാട്ടിയതാണ്. ഭവന പദ്ധതി ഗുണഭോക്താക്കളാക്കേണ്ടവരുടെ വിവരം അറിയിക്കുകയുമുണ്ടായി. ഇതിനുസരിച്ച് ഡിഡിഎംഎ നൽകിയ ശിപാർശകൾക്ക് സർക്കാർ അംഗീകാരമായില്ല.
ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയെയും യോഗങ്ങളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികളെയും പൊതുമധ്യത്തിൽ അവഹേളിക്കുന്നതിലാണ് സിപിഐ നേതൃത്വം താത്പര്യം കാട്ടുന്നത്. പടവെട്ടിക്കുന്നിലെ കുടുംബങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന സിപിഐ നേതൃത്വം, എന്തുകൊണ്ടാണ് നിലവിലെ പട്ടികകളിൽ അവർ ഉൾപ്പെടാത്തതെന്നു വ്യക്തമാക്കണം.
ദുരന്തപ്രദേശത്തെ നോ ഗോ സോണിനു 50 മീറ്റർ ദൂരപരിധിയിൽ ഉള്ളവരെ മാത്രം രണ്ട് ബി ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ മതിയെന്നാണ് സർക്കാർ ഉത്തരവ്. ഇതാണ് പടവെട്ടിക്കുന്നിലെ കുടുംബങ്ങൾ പട്ടികയ്ക്കു പുറത്താകാൻ കാരണം. റാട്ടപ്പാടിയിലെയും മറ്റു ലയങ്ങളിലെയും ദുരന്തബാധിതർ പട്ടികയിൽ ഉൾപ്പെടാത്തതിനു ഇടയാക്കിയതും ഇതേ ഉത്തരവാണ്.
ഇതിൽ മാറ്റംവരുത്തി പടവെട്ടിക്കുന്നിലെയും റാട്ടപ്പാടിയിലെയും കുടുംബങ്ങളെയും പട്ടികയിൽ ഉൾപ്പെടുത്താനാണ് സർക്കാർ തയാറാകേണ്ടത്. അതിനുപകരം പിശക് മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് റവന്യു മന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിക്കാരും നടത്തുന്നത്. സർക്കാർ ഉത്തരവ് ജില്ലാ ദൂരന്ത നിവാരണ അഥോറിറ്റിക്ക് തിരുത്താൻ കഴിയുമോ എന്നു സിപിഐ നേതൃത്വം ജനങ്ങളോടു പറയണം.
പടവെട്ടിക്കുന്നിലെ മാറിത്താമസിക്കാൻ താത്പര്യമുള്ള മുഴുവൻ കുടുംബങ്ങളെയും പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഡിഡിഎംഎ യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടതാണ്. തീരുമാനമെടുക്കേണ്ടത് സർക്കാർതലത്തിലാണെന്നാണ് ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചതെന്നു സംഷാദ് മരക്കാർ പറഞ്ഞു.