മുണ്ടക്കൈ, ചൂരൽമല പുനരധിവാസം; 107 ആളുകളെ കളക്ടർ നേരിൽ കണ്ടു
1532005
Tuesday, March 11, 2025 8:06 AM IST
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല പുനരധിവാസ ടൗണ്‍ഷിപ്പിലേക്കുള്ള ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 107 ആളുകളെ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ നേരിൽ കണ്ടു. ആദ്യ ദിനത്തിൽ 125 ഗുണഭോക്താക്കൾക്കാണ് ജില്ലാ ദുരന്ത നിവാരണ വിഭാഗം ചെയർപേഴ്സണ്‍ കത്ത് നൽകിയത്. 107 പേരാണ് കളക്ടറേറ്റിൽ എത്തിയത്. ഇതിൽ 12 പേർ വീടിനായി സമ്മതപത്രം നൽകി.
ഒരാൾ സാന്പത്തിക സഹായത്തിന് സമ്മതപത്രം നൽകി. ടൗണ്‍ഷിപ്പ് നിർമാണത്തിനായി കൽപ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ കണ്ടെത്തിയ 64 ഹെക്ടർ സ്ഥലത്ത് നിർമിക്കുന്ന ടൗണ്‍ഷിപ്പിൽ 1,000 ചതുരശ്ര അടിയുള്ള വാസഗൃഹം, അല്ലാത്തവർക്ക് 15 ലക്ഷം രൂപയുടെ സാന്പത്തിക സഹായം സംബന്ധിച്ച് സമ്മതപത്രം സ്വീകരിക്കുന്നതിനായി നടത്തിയ ആദ്യദിന കൂടിക്കാഴ്ചയിൽ മേപ്പാടി ഗ്രാമപഞ്ചയാത്തിലെ 10, 11, 12 വാർഡുകളിലെ 107 ആളുകളെയാണ് ജില്ലാ കളക്ടർ നേരിൽ കണ്ടത്.
ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടെന്ന സർക്കാരിന്റെ പ്രഥമ പരിഗണന വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ആളുകളെ കണ്ട് സംസാരിക്കുന്നതെന്ന് ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു. സംഘടനകൾ, സ്പോണ്‍സർമാർ, വ്യക്തിക്കൾ എന്നിവർ വീട് വച്ച് നൽകുന്നവർക്ക് സർക്കാർ നിശ്ചയിച്ച നിശ്ചിത തുക സാന്പത്തിക സഹായമായി ലഭിക്കും. ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിലാണ് വീടും സാന്പത്തിക സഹായവും ലഭിക്കുക. പ്രായപൂർത്തിയാകാത്ത കുട്ടികളാണെങ്കിൽ കുട്ടിയുടെ രക്ഷിതാവെന്ന പേരിലും പ്രായപൂർത്തിയായ ശേഷം കുട്ടിയുടെ പേരിലേക്കും ഉടമസ്ഥാവകാശം ലഭിക്കും.
മാർച്ച് 24 വരെ സമ്മതപത്രം നൽകാം. ലഭിക്കുന്ന സമ്മതപത്രത്തിൽ പരിശോധനയും സമാഹരണവും ഏപ്രിൽ 13 പൂർത്തിയാക്കും. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രിൽ 20ന് പ്രസിദ്ധീകരിക്കും. പട്ടിക ജില്ലാ കളക്ടറുടെ ഒൗദ്യോഗിക പേജിലും വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസിലും പ്രസിദ്ധപ്പെടുത്തും. ദുരന്ത ഭൂമിയിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ച് മാറ്റി നിർമാണ വിലക്ക് ഭൂമിയായി പ്രഖ്യാപിക്കും.
ദുരന്തമേഖലയിൽ താമസം, കച്ചവടം എന്നിവ അനുവദിക്കില്ല. ദുരന്തത്തിൽ കേടുപാട് സംഭവിച്ച വീടുകൾ സർക്കാർ ഡിഡിഎംഎയുടെ മേൽനോട്ടത്തിൽ പൊളിച്ചുമാറ്റും. പൊളിച്ചു മാറ്റുന്ന വീടുകളിൽ നിന്നും ഉപയോഗയോഗ്യമായ ജനൽ, വാതിൽ, മറ്റു വസ്തുക്കൾ ആളുകൾക്ക് എടുക്കാം. ദുരന്ത പ്രദേശത്തെ ഭൂമിയുടെ അവകാശം അതത് ഭൂഉടമകൾക്ക് മാത്രമായിരിക്കും. ഭൂമി കൃഷിയാവശ്യങ്ങൾക്ക് മാത്രമായി അനുവദിക്കും. ഒന്നിലധികം വീട് നഷ്ടപ്പെട്ടവർക്ക് ഒരു വീട് ടൗണ്‍ഷിപ്പിൽ ഉറപ്പാക്കും. നഷ്ടമായ മറ്റു വീടുകൾക്ക് ദുരന്ത നിവാരണ നിയമ പ്രകാരം നാല് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കും.
ആവശ്യങ്ങൾ ഉന്നയിച്ച് ഗുണഭോക്താക്കൾ
ജില്ലാ കളക്ടറെ നേരിൽ കണ്ട ഗുണഭോക്താക്കൾ ടൗണ്‍ഷിപ്പിൽ 10 സെന്റ് സ്ഥവും സാന്പത്തിക സഹായം 40 ലക്ഷമാക്കി വർധിപ്പിക്കമെന്ന് ആവശ്യം ഉന്നയിച്ചു. ദുരന്തഭൂമി കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്പോൾ ഭൂമിക്ക് കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ആളുകൾ അറിയിച്ചു.
ദുരന്ത പ്രദേശത്തുള്ളവർക്ക് ബാങ്കുകൾ ലോണ്‍ അനുവദിക്കുന്നില്ലെന്ന് അറിയിച്ചവരോട് വിഷയം സർക്കിലേക്കും ബാങ്ക് പ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും കളക്ടർ പറഞ്ഞു. ആൾ താമസമില്ലാത്ത മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ കാർഷിക വിളകൾ മോഷ്ടിക്കപ്പെടുന്നുണ്ടെന്നും മേഖലയിൽ സുരക്ഷ ഉറപ്പാക്കണമെന്നും ആളുകൾ ആവശ്യപ്പെട്ടു.
നിർമിക്കുക പ്രകൃതി ദുരന്തങ്ങൾ പ്രതിരോധിക്കുന്ന മാതൃകാ വീടുകൾ
പ്രകൃതി ദുരന്തങ്ങൾ പ്രതിരോധിക്കും വിധമാണ് ടൗണ്‍ഷിപ്പിലെ വീടുകൾ രൂപകൽപന ചെയുന്നത്. 1,000 ചതുരശ്രയടിയിൽ ഒറ്റനിലയിൽ പണി തീർക്കുന്ന കെട്ടിടത്തിൽ ഭാവിയിൽ ഇരുനില നിർമിക്കാനുള്ള അടിത്തറയോട് കൂടിയാണ് നിർമാണം. ശുചിമുറിയോട് ചേർന്നുള്ള പ്രധാന മുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിംഗ്, സ്റ്റഡി റൂം, ഡൈനിംഗ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവയാണ് ഉൾപ്പെടുന്നത്. ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ എന്നിവയും ടൗണ്‍ഷിപ്പിന്റെ ഭാഗമായി നിർമിക്കും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന, വാക്സിനേഷൻ, ഒബ്സർവേഷൻ മുറികൾ, മൈനർ ഒപി, ഒപി ടിക്കറ്റ് കൗണ്ടർ എന്നീ സൗകര്യങ്ങൾ സജ്ജീകരിക്കും.
ക്ലാസ് മുറി, കളി സ്ഥലം, ഡൈനിംഗ് റൂം, സ്റ്റോർ, പാർക്കിംഗ് എന്നിവയാണ് അങ്കണവാടിയുടെ ഭാഗമായി നിർമിക്കുന്നത്. പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പണ്‍ മാർക്കറ്റ്, കുട്ടികൾക്ക് കളിസ്ഥലം, പാർക്കിംഗ് എന്നിവ ഒരുക്കും. മർട്ടി പർപ്പസ് ഹാൾ, ഇൻഡോർ കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പണ്‍ എയർ തിയേറ്റർ എന്നിവ കമ്മ്യൂണിറ്റി സെന്ററിൽ ഉൾപ്പെടുത്തി നിർമിക്കും. ടൗണ്‍ഷിപ്പിൽ ലഭിക്കുന്ന വീടിന് അനുവദിക്കുന്ന പട്ടയം 12 വർഷത്തേക്ക് കൈമാറ്റം പാടില്ലെന്നും പാരന്പര്യ കൈമാറ്റം നടത്താമെന്നും അധികൃതർ അറിയിച്ചു.