അന്താരാഷ്ട്ര വനിതാദിനം: പ്രബന്ധാവതരണത്തിൽ മലപ്പുറം ഒന്നാമത്
1531612
Monday, March 10, 2025 5:13 AM IST
കൽപ്പറ്റ: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ’ലിംഗനീതി ഉൾച്ചേർത്ത വികസന മാതൃകകൾ’ എന്ന വിഷയത്തിൽ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സിംപോസിയത്തിൽ അവതരിപ്പിച്ച പ്രബന്ധങ്ങൾ ശ്രദ്ധേയമായി. ദേശീയ കാന്പയിൻ നയി ചേത്നയുമായി ബന്ധപ്പെട്ട് നടത്തിയ ജില്ലാതല ഓപ്പണ്‍ ഫോറത്തിൽ തയാറാക്കിയ പ്രബന്ധങ്ങളുടെ അവതരണമാണ് നടന്നത്.
14 ജില്ലകളിൽനിന്നും അട്ടപ്പാടിയിൽനിന്നുമായി 15 പ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്. മികച്ച പ്രബന്ധാവതരണത്തിന് 83 പോയിന്റുമായി മലപ്പുറം ജില്ല ഒന്നാമതായി. 77 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനവും 71.6 പോയിന്റോടെ ആലപ്പുഴ മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനം കുടുംബശ്രീ ഡയറക്ടർ കെ.എസ്. ബിന്ദു വിതരണം ചെയ്തു.
കുടുംബശ്രീയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും സിംപോസിയത്തിൽ ഉയർന്നു. ഓരോ ജില്ലയെയും പ്രതിനിധാനം ചെയ്ത് ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരും ജില്ലാ പ്രോഗ്രാം മാനേജർമാരുമാണ് പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. ഓപ്പണ്‍ ഫോറങ്ങളുടെ സംഘാടനം, അവതരണത്തിലെ മികവ്, വികസന മാതൃകകളിലെ ലിംഗനീതി ഉൾച്ചേർക്കൽ എന്നിവ വിലയിരുത്തിയാണ് മികച്ച പ്രബന്ധങ്ങൾ തെരഞ്ഞെടുത്തത്. പ്രബന്ധാവതരണശേഷം ചോദ്യോത്തര വേളയും നടന്നു.
എസ്സിഇആർടി കരിക്കുലം മുൻ മേധാവി ഡോ.പി. സത്യനേശൻ, യുഎൻ വിമൻ സംസ്ഥാന കോഓർഡിനേറ്റർ ഡോ. പീജാ രാജൻ, എസ്സിഇആർടി മൂല്യനിർണയ വിഭാഗം റിസർച്ച് ഓഫീസർ ഡോ.അഭിലാഷ് ബാബു, കർണാടക ഇൻക്ലൂസീവ് ലൈവ്ലിഹുഡ് പ്രോഗ്രാം ജെൻഡർ ആൻഡ് സോഷ്യൽ ഇൻക്ലൂസീവ് ലീഡ് വി. സിന്ധു എന്നിവരടങ്ങിയ പാനലാണ് മികച്ച പ്രബന്ധങ്ങൾ തെരഞ്ഞെടുത്തത്.