അവഗണിക്കപ്പെട്ടവർക്കൊപ്പം രാജ്ഭവൻ ഉണ്ടാകും: ഗവർണർ
1531652
Monday, March 10, 2025 6:15 AM IST
കൽപ്പറ്റ: ചരിത്രവും വ്യവസ്ഥിതിയും അവഗണിച്ച പട്ടികവർഗ സമൂഹത്തിനൊപ്പം രാജ്ഭവൻ ഉണ്ടാകുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
ജൻമഭൂമി അന്‍പതാം വാർഷികാഘോഷ സമിതി, വനവാസി വികാസ കേന്ദ്രം, വനവാസി ആശ്രം ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ്, വയനാട് പൈതൃക സംരക്ഷണ കർമ സമിതി, പീപ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഗോത്രപർവം-2025 ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യരെന്ന പരിഗണന പൊതുസമൂഹവും ഭരണസംവിധാനങ്ങളും ആദിവാസികൾക്ക് നൽകണം. വിദേശാധിപത്യത്തിനെതിരേ ധീരമായി പോരാടിയ പാരന്പര്യം ഗോത്രജനതയ്ക്കുണ്ട്. അവരെ ചരിത്രം അവഗണിച്ചുവെന്ന് ഗവർണർ പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ ഡോ.ഡി. മധുസൂദനൻ അധ്യക്ഷത വഹിച്ചു.
വത്സൻ തില്ലങ്കേരി, പള്ളിയറ രാമൻ, പദ്മശ്രീ ഡോ.ഡി.സി. സഗ്ദേവ്, ആത്മീയാചാര്യൻ രാമസ്വാമി എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം കണ്‍വീനർ സി.കെ. ബാലകൃഷ്ണൻ സ്വാഗതവും പി.എ. വിശാഖ് നന്ദിയും പറഞ്ഞു. ഗോത്രകലകളുടെ അവതരണം നടന്നു.