കത്തോലിക്കാ കോണ്ഗ്രസ് സമര പ്രഖ്യാപനം നടത്തി
1532004
Tuesday, March 11, 2025 8:06 AM IST
കൽപ്പറ്റ: വർധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് മനുഷ്യന്റെ ജീവനും സ്വത്തിനും ജീവനോപാധിക്കും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടും അതിന് അനുസൃതമായ നിയമ ഭേദഗതികളും നിയമനിർമാണങ്ങളും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും കത്തോലിക്ക കോണ്ഗ്രസ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കണ്വെൻഷൻ നടത്തി.
വന്യജീവി ആക്രമണം അവസാനിപ്പിക്കാൻ അധികാരികൾ ആവശ്യമായ സംവിധാനങ്ങളും ക്രമീകരണങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നതുവരെയുള്ള സഹന സമരങ്ങൾക്ക് രൂപതയിലെ കെസിവൈഎം, മാതൃവേദി, ഇതര ക്രൈസ്തവ സംഘടനകൾ, ബഹുജന സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് സമരം നടത്തുക.
സമരത്തിന്റെ ആദ്യഘട്ടം എന്ന നിലയിൽ 15ന് ജില്ലയിലെ മൂന്നു താലൂക്കുകളിലും പ്രതിഷേധമാർച്ചും ധർണയം നടത്തും. തുടർന്ന് ഏപ്രിൽ മാസത്തിൽ എല്ലാ വില്ലേജ് ഓഫീസുകൾക്കു മുന്പിലും ഉപവാസ സമരങ്ങൾ നടത്തും. സമര പ്രചരണ ജാഥ, പോസ്റ്റർ പ്രചാരണം, ലീഫ്ലെറ്റർ വിതരണം, പ്രതിഷേധ ദിനം, സമരകൂടാര നിർമാണം തുടർന്ന് അനിശ്ചിതകാല നിരാഹാര സമരം എന്നിവയാണ് പ്രധാന സമര പ്രഖ്യാപനങ്ങൾ.
ദ്വാരക എയുപി സ്കൂളിൽ നടന്ന സമര പ്രഖ്യാപന കണ്വെൻഷൻ രൂപത പൊളിറ്റിക്കൽ അഫയർ കമ്മിറ്റി ചെയർമാൻ ഫാ. ജോസ് കൊച്ചറക്കൽ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി ഫെറോന വികാരി ഫാ. ജസ്റ്റിൻ മൂന്നനാൽ, ഫാ. ജോബി മുക്കാട്ട്കാവുങ്കൽ, ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട്, ഫാ. ബാബു മൂത്തേടം, സെബാസ്റ്റ്യൻ പുരയ്ക്കൽ, കെസിവൈഎം രൂപതാ പ്രസിഡന്റ് ബിബിൻ, മാതൃവേദി രൂപതാ ജനറൽ സെക്രട്ടറി മോളി ജോസഫ്, സജി ഫിലിപ്പ്, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. സാജു കൊല്ലപ്പള്ളിൽ, റെനിൽ കഴുതാടിയിൽ, സുനിൽ പാലമറ്റം, റോബിൻ, ജിജോ മംഗലത്ത്, ഡേവി മങ്കുഴ, സജി ഇരട്ടമുണ്ടക്കൽ, ബീന കരിമാങ്കുന്നേൽ, അന്നക്കുട്ടി ഉണ്ണിക്കുന്നേൽ, സാജു പുലിക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു.