വന്യജീവി ശല്യം കുറയ്ക്കുന്നതിനു പദ്ധതികൾ നടപ്പാക്കും: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
1531660
Monday, March 10, 2025 6:20 AM IST
സുൽത്താൻ ബത്തേരി: വന്യജീവി ശല്യം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ നിയോജകമണ്ഡലത്തിൽ സമയബന്ധിതമായി നടപ്പാക്കുമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അറിയിച്ചു. ചെതലത്ത് ഫോറസ്റ്റ് റേഞ്ചിൽ വനാതിർത്തികളിൽ തൂക്കുവേലി നിർമാണം നടന്നുവരികയാണ്. 5.3 കിലോമീറ്റർ ദൈർഘ്യമുള്ള കേളമംഗലം-അല്ലിയാങ്കൽ വേലി നിർമാണം ടെൻഡർ ചെയ്തു. എംഎൽഎയുടെ ആസ്തി വികസന നിധിയിൽനിന്നാണ് ഈ പ്രവൃത്തിക്ക് തുക അനുവദിച്ചത്.
കിഫ്ബിയിൽ ഉൾപ്പെടുത്തിയ കുറിച്ചിപ്പറ്റ-ചണ്ണക്കൊല്ലി(5.25 കി.മീ), ചണ്ണക്കൊല്ലി -കാപ്പിക്കുന്ന്(4.25 കി.മീ), കാപ്പിക്കുന്ന്-കാര്യന്പാതി(3.25 കി.മീ), പാത്രമൂല-കക്കോടൻ ബ്ലോക്ക്(3.27 കി.മീ), കോമ്മഞ്ചേരി-സുബ്രഹ്മണ്യൻകൊല്ലി(3.5 കി.മീ), വേലി നിർമാണത്തിനു ടെൻഡർ ഇന്ന് തുറക്കും.
നബാർഡ് ട്രാൻഷേ-29 പദ്ധതിയിൽ ഉൾപ്പെടുത്തിയ മൂന്നാനക്കുഴി മച്ചാൻ-ഓർക്കടവ് അഞ്ച് കി.മീ), മാതമംഗലം-വട്ടപ്പാടി(മൂന്ന് കി.മീ), ചീയന്പം 73-ആനപ്പന്തി കോളനി(അഞ്ച് കി.മീ), പാന്പ്ര-വാറച്ചൻകുന്ന്(അഞ്ച് കി.മീ) വേലി നിർമാണത്തിന് നടപടികൾ പുരോഗതിയിലാണ്. പദ്ധതി പ്രദേശത്തെ മരങ്ങൾ മുറിച്ചുമാറ്റുന്നതോടെ കരാറുകാരൻ പ്രവൃത്തി ആരംഭിക്കും.
വയനാട് പാക്കേജിൽ ഉൾപ്പെടുത്തിയ വിലങ്ങാടി-മച്ചിമൂല(2.1 കി.മീ), മച്ചിമൂല-പന്നിക്കൽ(5.1 കി.മീ) വേലികളുടെ നിർമാണം പൂർത്തിയായി. കൃഷി വകുപ്പിന്റെ ആർകെവിവൈ പദ്ധതിയിൽ ഉൾപ്പെടുത്തിയ മൈലാടി-പാലൻചോല(1.5 കി.മീ), മാന്തടം-കേളമംഗലം(1.5 കി.മീ), കാരീരി-പുഴമൂല(അഞ്ച് കി.മീ) വേലികളുടെ ടെൻഡർ നടപടി പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.