ഭിന്നശേഷി പ്രശ്നത്തിൽ വിദ്യാഭ്യാസ വകുപ്പ് പൊതു ഉത്തരവിറക്കണം: കെഎസ്ടിസി
1532000
Tuesday, March 11, 2025 8:06 AM IST
കൽപ്പറ്റ: ഭിന്നശേഷി നിയമന പ്രശ്നത്തിൽ എൻഎസ്എസ് മാനേജ്മെന്റ് കൊടുത്ത കേസിൽ സുപ്രീം കോടതിയുടെ അനുകൂല വിധിയുണ്ടായ സാഹചര്യത്തിൽ മുഴുവൻ അധ്യാപകർക്കും ഇതിന്റെ ഗുണം കിട്ടുന്ന രീതിയിൽ വിദ്യാഭ്യാസ വകുപ്പ് പൊതുഉത്തരവ് ഇറക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെഎസ്ടിസി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ വിഷയത്തിന്റെ പേരിൽ കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ നിയമനാംഗീകാരം വർഷങ്ങളായി തടസപ്പെട്ടിരിക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കാൻ ഇപ്പോൾ ലഭിച്ചിരിക്കുന്ന അനുകൂല അവസരം സർക്കാർ ഉപയോഗിക്കണം.
ലഹരിക്കെതിരേ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകാനും യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി എ.എ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ.കെ. മുഹമ്മദ് ഷാനവാസ് അധ്യക്ഷത വഹിച്ചു. പി.ജെ. ജോമിഷ്, സിജോയ് ചെറിയാൻ, പി.ആർ. ദിവ്യ, എ.വൈ. നിഷാല തുടങ്ങിയവർ പ്രസംഗിച്ചു.