ലഹരി കടത്തുന്ന സംഘത്തിലെ വിദേശ പൗരൻ അറസ്റ്റിൽ
1532006
Tuesday, March 11, 2025 8:07 AM IST
കൽപ്പറ്റ: കേരളത്തിലേക്ക് അടക്കം ലഹരി കടത്തുന്ന സംഘത്തിലുള്ള വിദേശ പൗരനെ വയനാട് പോലീസ് അറസ്റ്റ് ചെയ്തു. ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസണ് ആണ് ബംഗളൂരുവിൽ പിടിയിലായത്. കഴിഞ്ഞ 24ന് മുത്തങ്ങയിൽ നിന്ന് ഷെഫീഖ് എന്നയാളിൽ നിന്ന് 90ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ടാൻസാനിയൻ സ്വദേശിയുടെ വിവരങ്ങൾ ലഭിച്ചത്.
പ്രിൻസ് സാംസണ് ബംഗളൂരുവിൽ ഒരു കോളജിലെ ബിസിഎ വിദ്യാർഥിയാണെന്നും ഇയാളുടെ അനധികൃത ബാങ്ക് അക്കൗണ്ടിൽ രണ്ട് മാസത്തെ ഇടപാടുകളിൽ നിന്നും മാത്രം 80 ലക്ഷം രൂപയോളം ഉണ്ടായിരുന്നുവെന്നും എസ്പി തപോഷ് ബസുമതാരി പറഞ്ഞു.
സുൽത്താൻ ബത്തേരി ഡിവൈഎസ്പി ഓഫീസിൽ എത്തിച്ച ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. കേരളത്തിലേക്ക് ലഹരികടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ആളെന്നും എസ്പി പറഞ്ഞു.
ലഹരി വിപണിയും ഉപയോഗവും സജീവമാകുന്ന കേരളത്തിൽ ഓപ്പറേഷൻ ഡി ഹണ്ട് കേരള പോലീസ് ശക്തമാക്കിയിരിക്കയാണ്. ഡിവൈഎസ്പി അബ്ദുൾ ഷെരീഫ്, പോലീസ് ഇൻസ്പെക്ടർ എൻ.കെ. രാഘവൻ, എസ്ഐ അതുൽ മോഹൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അഞ്ച് മൊബൈൽ ഫോണുകളും ലാപ് ടോപ്പും വിവിധ എടിഎം കാർഡുകളും പോലീസ് കണ്ടെടുത്തു. വെള്ള തരികളുള്ള ഒരു പൊടിയും കണ്ടെടുത്തു. ഇത് പോലീസ് പരിശോധിച്ച് വരികയാണ്. ലഹരി ഉപയോഗവും കടത്തും കർശനമായി തടയാനുള്ള എല്ലാ പ്രവർത്തനങ്ങളും പോലീസ് നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി വ്യക്തമാക്കി.