കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് വയനാടിനോട് ചിറ്റമ്മ നയം: കോണ്‍ഗ്രസ്
1532002
Tuesday, March 11, 2025 8:06 AM IST
കൽപ്പറ്റ: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനും സംസ്ഥാനം ഭരിക്കുന്ന ഇടതുസർക്കാരിനും വയനാട് ജില്ലയോട് ചിറ്റമ്മ നയമാണുള്ളതെന്ന് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ജനറൽബോഡി യോഗം കുറ്റപ്പെടുത്തി.
ജില്ലയിൽ ജീവിക്കാൻ കഴിയാത്തവിധം വർധിച്ചു വരുന്ന വന്യമൃഗശല്യം പരിഹരിക്കുന്നതിന് യാതൊരുവിധ പരിഹാര നടപടിയും സർക്കാരുകൾ സ്വീകരിക്കുന്നില്ല. ഉരുൾ ദുരന്തം ഉണ്ടായിട്ട് എട്ടു മാസം തികയുന്പോഴും ദുരന്തബാധിതരെ പെരുവഴിയിൽ നിർത്തുന്ന സമീപനമാണ് സർക്കാരുകൾ സ്വീകരിക്കുന്നത്.
കോടിക്കണക്കിന് രൂപയുടെ സഹായം ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകി വന്നിട്ടും അതെല്ലാം കെട്ടിപ്പിടിച്ച് നിധികാക്കുന്ന ഭൂതത്തെപോലെ നിൽക്കുകയാണ് സർക്കാർ. പുനരധിവാസ പ്രക്രിയയുടെ ഭാഗമായി കുറ്റമറ്റരീതിയിൽ ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കാൻ പോലും ഇടതുസർക്കാരിന് കഴിഞ്ഞിട്ടില്ല.
അർഹരായ ആളുകളെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ നിന്നും പുറത്താക്കുന്ന മാർഗരേഖയാണ് സർക്കാർ പുനരധിവാസത്തിനായി തയാറാക്കിയിരിക്കുന്നത്. അത് പരിഹരിക്കുന്നതിന് പകരം ജില്ലാദുരന്ത നിവാരണ സമിതിയെ കുറ്റപ്പെടുത്തി രക്ഷപ്പെടാനുള്ള സർക്കാർ ശ്രമം ഒരു കാരണവശാലും അനുവദിക്കില്ല. ഇത് അപലനീയമാണ്.
മാനന്തവാടിയിലെ മെഡിക്കൽ കോളജ് മാനന്തവാടിക്കാർക്കുപോലും ഉപകാരപ്പെടാത്ത രീതിയിൽ മോശം അവസ്ഥയിലാണ്. ഒരു മന്ത്രിയുടെ നിയോജക മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന മെഡിക്കൽ കോളജ് ആയിട്ടുപോലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനോ അതിന്റെ ഉപയോഗം സാധാരണ ജനങ്ങൾക്ക് ലഭിക്കുന്നതിനോ ആവശ്യമായ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല.
കഴിഞ്ഞ കുറെ നാളുകളായി വയനാട് ലഹരിമരുന്ന് വ്യാപനത്തിന്റെ ഹബ്ബായി മാറിയിരിക്കുകയാണ്. ജില്ലയിൽ നടക്കുന്ന ലഹരി വ്യാപാരത്തിനെതിരേ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുവാൻ പോലീസ്, എക്സൈസ് വകുപ്പുകൾ തയാറാകണം. ലഹരിക്കെതിരായ പ്രക്ഷോഭ, ബോധവവത്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. ടി. സിദ്ദിഖ് എംൽഎ, സണ്ണി ജോസഫ് എംഎൽഎ, ജമീല ആലിപ്പറ്റ, പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, പി.പി. ആലി, കെ.ഇ. വിനയൻ, പി.ടി. ഗോപാലക്കുറുപ്പ്, സി.പി. വർഗീസ്, ടി.ജെ. ഐസക്, എ. പ്രഭാകരൻ, എം.എ. ജോസഫ്, സംഷാദ് മരക്കാർ, എം.ജി. ബിജു, പി.ഡി. സജി, നിസി അഹമ്മദ്, എം. വേണുഗോപാൽ, ഡി.പി. രാജശേഖരൻ, എൻ.സി. കൃഷ്ണകുമാർ, ചിന്നമ്മ ജോസ്, ജി. വിജയമ്മ, ബിന്ദു തോമസ്, ആർ. രാജേഷ് കുമാർ, ബീന ജോസ്, എൻ.യു. ഉലഹന്നാൻ, ഒ.ആർ. രഘു, കമ്മന മോഹനൻ, എച്ച്.ബി. പ്രദീപ്കുമാർ, പി.വി. ജോർജ്, പി. വിനോദ്കുമാർ, ഉമ്മർ കുണ്ടാട്ടിൽ, എ.എം. നിഷാന്ദ്, പോൾസണ്‍ കൂവക്കൽ, സി. സുരേഷ്ബാബു, ജിൽസണ്‍ തൃപ്പൂക്കര, വർഗീസ് മുരിയങ്കാവിൽ തുടങ്ങിയവർ പ്രസംഗിച്ചു.